കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ് സത്യസന്ധമായി അന്വേഷിച്ചാൽ വിഎസ് ജയിലിലാകും: പി.കെ. കൃഷ്ണദാസ്


ആലപ്പുഴ ∙ കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ് സത്യസന്ധമായി അന്വേഷിച്ചാൽ വി.എസ്. അച്യുതാനന്ദൻ ജയിലിൽ പോകേണ്ടി വരുമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. എൻ‍ഡിഎ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവധ നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തിയവർ പോർക്ക് ഫെസ്റ്റ് നടത്താൻ തയാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു. സൂപ്പർ ആട് ആന്റണിമാരുടെ ഭരണമാണു സംസ്ഥാനത്തു നടക്കുന്നത്. ആട് ആന്റണി 200 വീടുകളിലാണു മോഷണം നടത്തിയതെങ്കിൽ ഇടതു–വലതു മുന്നണികൾ 3.75 കോടി മലയാളികളുടെ നികുതി പണമാണു മോഷ്ടിക്കുന്നത്.


വെവ്വേറെ അഴിമതി നടത്തുക, സംയുക്തമായി അന്വേഷണം മുക്കുക എന്ന രീതിയാണു മുന്നണികൾ സംസ്ഥാനത്തു നടത്തുന്നത്. എൽഡിഎഫ് സോളർ സമരം പിൻവലിച്ചതും പ്രത്യുപകാരമായി യുഡിഎഫ് ടി.പി. ചന്ദ്രശഖരൻ വധക്കേസ് മുക്കിയതും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, ആർഎസ്പി(ബി) സംസ്ഥാന സെക്രട്ടറി പ്രഫ. എ.വി. താമരാക്ഷൻ, പി.സി. തോമസ്, ജോർജ് ജോസഫ്, കെ. സോമൻ, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.




Sharing is Caring