മലാപ്പറമ്പ്‌ എ.യു.പി. സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്‌

മലാപ്പറമ്പ്‌ എ.യു.പി. സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്‌. രാവിലെ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഏറ്റെടുക്കലിനു വേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ജില്ലാ കലക്‌ടര്‍ ഇന്നലെ സര്‍ക്കാരിനു കൈമാറി.
സ്‌കൂള്‍ പൂട്ടാന്‍ മാനേജ്‌മെന്റിന്‌ സുപ്രീം കോടതിയുടെയും അനുമതി കിട്ടിയെങ്കിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകരും സംഘടനകളും ചെറുത്തുനില്‍പിലാണ്‌. ഈ സാഹചര്യത്തിലാണ്‌ സര്‍ക്കാരിന്റെ ആലോചന. പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ നിലനില്‍പിനുവേണ്ടി ഏതറ്റം വരെയും പോകുമെന്നു സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.
ഏറ്റെടുക്കലിനു തീരുമാനിച്ചാല്‍ സമരസമിതി നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനാണു നീക്കം. സ്‌കൂള്‍ അടച്ച്‌ കോടതിയില്‍ ഇന്നു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതിനാല്‍ ഇന്നലെ രാത്രിതന്നെ എ. പ്രദീപ്‌ കുമാര്‍ എം.എല്‍.എ. സമരക്കാരുമായി ചര്‍ച്ച നടത്തി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുമെന്നുണ്ടെങ്കില്‍ കോടതി ഉത്തരവനുസരിച്ച്‌ എ.ഇ.ഒ. സ്‌കൂള്‍ പൂട്ടുന്നതിനെ എതിര്‍ക്കില്ലെന്ന്‌ സമരസമിതി നേതാക്കള്‍ വ്യക്‌തമാക്കി.
സമരക്കാര്‍ക്കു കൃത്യമായ വിശദീകരണം നല്‍കാതെ സ്‌കൂള്‍ പൂട്ടാന്‍ ശ്രമിക്കുന്നത്‌ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്‌ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ വിദ്യാഭ്യാസമന്ത്രിയെ അറിയിച്ചിട്ടുണ്ട്‌. മലാപ്പറമ്പ്‌ സ്‌കൂള്‍ പ്രശ്‌നം ആശയപരമായ വിഷയമായി മാറിയതോടെ ഇന്നലെ തിരുവനന്തപുരത്തു തിരക്കിട്ട ചര്‍ച്ചകളുടെ ദിവസമായിരുന്നു. ഏറ്റെടുക്കലിന്റെ പ്രാരംഭനടപടികള്‍ നേതാക്കള്‍ ജില്ലാ കലക്‌ടര്‍ എന്‍. പ്രശാന്തുമായി ഫോണില്‍ ചര്‍ച്ച ചെയ്‌തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *