മദ്യലഹരിയില്‍ മൂന്നുവയസ്സുകാരനെ അച്ഛന്‍ ചിരവകൊണ്ടടിച്ചു കൊന്നു


കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പിതാവ് മൂന്ന് വയസുകാരനെ ചിരവ കൊണ്ടടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി. രാജപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍ മൈലാട്ടി എസ് ടി കോളനിയിലെ രാജു പത്മിനി ദമ്പതികളുടെ മകന്‍ രാഹുലാണ് കൊലചെയ്യപ്പെട്ടത്. ഇന്നലെ (21-07-2015) രാത്രി 11.30ഓടെയായിരുന്നു സംഭവം.


മദ്യലഹരിയില്‍ വീട്ടിലെത്തിയ രാജു ഭാര്യയുമായി വഴക്കിടുകയായിരുന്നുവെന്നും ഇതിനിടയിലാണ് കൊലപാതകമുണ്ടായതെന്നും പൊലീസ് പറഞ്ഞു. രാജു വഴക്കിട്ടതിനെ തുടര്‍ന്ന് ഭാര്യ പത്മിനി രാഹുലിനെയുമെടുത്ത് തൊട്ടടുത്ത വീട്ടിലേക്ക് പോവുകയായിരുന്നു. ഇവിടെയെത്തിയ രാജു കുട്ടിയെ ബലമായി പിടിച്ച് ഈ വീടിന്റെ ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി. മുറിക്കുള്ളില്‍ കയറി വാതില്‍ ഉള്ളില്‍ നിന്ന് അടച്ച ശേഷം കുട്ടിയെ ചിരവ കൊണ്ട് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു.


ഇതിന് ശേഷം തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ പോയി വീട്ടുസാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. ബഹളം കേട്ടെത്തിയ പ്രതിയുടെ സഹോദരനും ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് സുജേഷും ചേര്‍ന്ന് ഇയാളെ ബലം പ്രയോഗിച്ച് വീട്ടില്‍ കെട്ടിയിടുകയായിരുന്നു. ഈ സമയത്താണ് രണ്ടാമത്തെ വീട്ടിലുള്ളവര്‍ കുട്ടി അവശനിലയിലാണെന്ന് അറിയിച്ചത്.

തുടര്‍ന്ന് കുട്ടിയെ ആദ്യം പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ ഡോക്ടറില്ലാത്തതിനാല്‍ പൂടംകല്ല് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. രാഹുലിന് എട്ടുമാസം പ്രായമുള്ള സഹോദരന്‍ കൂടിയുണ്ട്. രാജു രാജപുരം പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.



Sharing is Caring