കളമശ്ശേരി ഭൂമി തട്ടിപ്പ്: സലീം രാജ് പ്രതിയല്ലെന്ന് കുറ്റപത്രം


salimrajകൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ബന്ധുക്കള്‍ കളമശേരിയില്‍ കോടികള്‍ വിലയുള്ള സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആറു പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. നാല് റവന്യൂ ഉദ്യോഗസ്ഥരും സലീം രാജിന്റെ രണ്ടു ബന്ധുക്കളും പ്രതികളാണ്. സലീംരാജ് പ്രതിയല്ല. മുന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി ഒ സൂരജിനെ സാക്ഷിയാക്കി.


സി ബി ഐ പ്രത്യേക കോടതി ജഡ്ജി ഡോ. ബി. കലാംപാഷ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കളമശേരി പത്തടിപ്പാലത്ത് 25 കോടി രൂപ വിലവരുന്ന ഭൂമി തണ്ടപ്പേര് തിരുത്തി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.


സലീംരാജിന്റെ ബന്ധുക്കളായ അബ്ദുല്‍ മജീദ്, അബ്ദുല്‍ സലീം, തൃക്കാക്കര മുന്‍ വില്ലേജ് ഓഫീസര്‍ കെ വി സാബു, കണയന്നൂര്‍ അഡിഷണല്‍ തഹസില്‍ദാര്‍ കൃഷ്ണകുമാരി, മുറാദ്, ഗീവര്‍ഗീസ് എന്നിവരെയാണ് സി ബിഐ പ്രതികളാക്കിയത്.

മജീദും സലാമും ചേര്‍ന്നാണ് തണ്ടപ്പേര് തിരുത്തി സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നു. ആദ്യ നാല് പ്രതികളായ റവന്യൂ ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് ഒത്താശ നല്‍കി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കില്ലെന്നും സലീംരാജ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിന് തെളിവുകളില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.



Sharing is Caring