മകളുടെ ചോറൂണിനെത്തിയ മുന്‍ മന്ത്രി ജയലക്ഷ്മിയോട് ‘കടക്കൂ പുറത്ത്’ ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്റെ ക്ഷോഭപ്രകടനം മനംനൊന്ത മുന്‍ മന്ത്രി ദര്‍ശനം നടത്താതെ മടങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പികെ ജയലക്ഷ്മിയോട് ദേവസ്വം ഉദ്യോഗസ്ഥന്റെ ക്ഷോഭം. മുന്‍ മന്ത്രിയാണെന്ന പരിഗണന പോലും നല്‍കാതെയുള്ള ക്ഷേത്ര ഉദ്യോഗസ്ഥന്റെ പേരുമാറ്റത്തില്‍ മനം നൊന്ത മന്ത്രി ക്ഷേത്ര ദര്‍ശനം നടത്താതെ മടങ്ങി.

മകളുടെ ചോറൂണിന് ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം ക്ഷേത്രത്തിലെത്തിയപ്പോഴാണ് മന്ത്രി ദേവസ്വം ഉദ്യോഗസ്ഥന്റെ കോപത്തിനിരയായത്. ജയലക്ഷ്മിക്കും ഒപ്പമുണ്ടായിരുന്ന ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ലത പ്രേമനും നേരെയാണ് ഉദ്യോഗസ്ഥന്റെ ക്ഷോഭപ്രകടനം. ദര്‍ശനം നടത്താനാവാത്തതില്‍ ദുഃഖിതയായ ജയലക്ഷ്മി ഉത്സവക്കഞ്ഞി കുടിക്കാന്‍ നില്‍ക്കാതെ ഗുരുവായൂരില്‍ നിന്ന് മടങ്ങി.

ചോറൂണിന് ശേഷം ദര്‍ശനം നടത്താനുള്ള അനുമതിക്കായി ക്ഷേത്ര ഗോപുരത്തിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥന്‍ ശകാരിച്ച്‌ പുറത്താക്കിയതെന്ന് മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഗുരുവായൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ലത പ്രേമന്‍ പറഞ്ഞു. കൂടെയുള്ളത് മുന്‍ മന്ത്രിയാണെന്ന് പറഞ്ഞെങ്കിലും പുറത്തു കടക്കാന്‍ ഉദ്യോഗസ്ഥന്‍ കല്‍പിച്ചു.

എങ്കിലും കൗണ്‍സിലര്‍ സംഭവങ്ങള്‍ വിശദീകരിച്ച്‌ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്കൂ പുറത്ത്’ ക്ഷേത്രത്തിലും ആവര്‍ത്തിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. അങ്ങേയറ്റം പരുഷമായ ഭാഷയിലാണ് ദേവസ്വം ഉദ്യോഗസ്ഥന്‍ സംസാരിച്ചതെന്ന് ജയലക്ഷ്മി വ്യക്തമാക്കി.

മുന്‍ മന്ത്രിയും കൗണ്‍സിലറും എന്നതു പോയിട്ട്, രണ്ട് സ്ത്രീകള്‍ എന്ന പരിഗണന പോലുമില്ലാതെയായിരുന്നു ശകാരം. മാന്യമല്ലാത്ത സംസാരം കേട്ടതോടെ മനംനൊന്ത ജയലക്ഷ്മി ദര്‍ശനത്തിന് നില്‍ക്കേണ്ട എന്ന് പറഞ്ഞ് ക്ഷേത്രത്തിന് പുറത്ത് കടന്നു. ചോറൂണിന് ചീട്ടാക്കിയവര്‍ക്ക് വരി നില്‍ക്കാതെ അകത്തേക്ക് വിടാന്‍ അനുമതി നല്‍കേണ്ട ഉദ്യോഗസ്ഥനാണ് മോശമായി സംസാരിച്ചത്. എന്നാല്‍, മേളം കഴിയും വരെ കാത്തിരിക്കാന്‍ മാത്രമാണ് പറഞ്ഞതെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *