പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും

വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. ഉത്തരമേഖല ഐ.ജി ടി വിക്രമാണ് റിപ്പോര്‍ട്ട് പൊലീസ് മേധാവിയ്ക്ക് കൈമാറുന്നത്. പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഐജിയുടെ കണ്ടെത്തല്‍. വടകര കല്ലേറി് സ്വദേശി സജീവനാണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് നേരിട്ട് മൊഴിയെടുത്തശേഷമാണ് ഐജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് എസ് ഐ ഉള്‍പ്പെടെ പോലീസുകാര്‍ക്കെതിരെയെടുത്ത നടപടിയുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീനാണ് കേസിന്റെ മേല്‍നോട്ടം. ഡിവൈഎസ്പി ടി.സജീവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വടകര സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

ഫോറന്‍സിക് വിഭാഗവും സൈബര്‍ ഫോറന്‍സിക് വിഭാഗവും സ്‌റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയയ്ക്കും. ഇന്ന് സാക്ഷികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. നടപടിക്ക് വിധേയരായ പൊലീസുകാരുടെ മൊഴിയും രേഖപ്പെടുത്തും.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണ് അന്വേഷണസംഘം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *