പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നും അമേരിക്ക പിന്മാറും, പിന്നോട്ടില്ലെന്ന് ഇന്ത്യ

പാരീസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ദരിച്ച് ഒരു വിദേശ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന യോഗം ചൈനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും കാലാവസ്ഥാ സംരക്ഷണം വെറും തട്ടിപ്പാണെന്നുമാണ് അമേരിക്കന്‍ വാദം. അതേസമയം, ഇക്കാര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ അന്തിമ തീരുമാനം വരും ദിവസങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുണ്ട്.

ആഗോളതാപനം തട്ടിപ്പാണെന്നും പാരീസ് ഉടമ്പടി അനുസരിക്കില്ലെന്നുമാണ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നത്. കല്‍ക്കരി ഇന്ധനത്തിലേക്ക് തിരിച്ചുപോകാന്‍ അടുത്തിടെ യു.എസ്. ഭരണകൂടം തീരുമാനിച്ചിരുന്നു. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനാണ് ഇതെന്നാണ് ട്രംപിന്റെ വാദം. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് ട്രംപ് ഈ തീരുമാനമെടുത്തത്. ആഗോളതാപനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുകയും പാരീസ് ഉടമ്പടിക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്തയാളാണ് ഒബാമ.

2015 ഡിസംബറില്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടിയാണ് ആഗോളതാപനം നിയന്ത്രിക്കാനുള്ള പുതിയ ഉടമ്പടി മന്നോട്ടുവെച്ചത്. ‘പാരീസ് ഉടമ്പടി’ എന്ന് ഇത് അറിയപ്പെടുന്നു. 2016 നവംബര്‍ നാലിന് ഉടമ്പടി നിലവില്‍ വന്നു. ഭൗമതാപനിലയിലെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക, ക്രമേണ ആ വര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുക എന്നതാണ് ഉടമ്പടിയിലെ പ്രധാനഭാഗം. 197 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പിട്ടു. 147 രാജ്യങ്ങള്‍ ഉടമ്പടി നടപ്പാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

2016 ഏപ്രില്‍ 22നാണ് ഇന്ത്യ പാരീസ് ഉടമ്പടിയില്‍ സമ്മതമറിയിച്ചത്. ഉച്ചകോടിയില്‍ നിന്നും ഇന്ത്യ പിന്മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജേല മെര്‍ക്കലിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാര്‍ബണ്‍വാതക പുറന്തള്ളലില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അമേരിക്ക ഇതില്‍ നിന്നും പിന്മാറിയാല്‍ ഉടമ്പടി ലക്ഷ്യം കൈവരിക്കുക പ്രയാസമാകുമെന്നാണ് വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *