റേഷന്‍ വ്യപാരികളുടെ വേതനത്തില്‍ വര്‍ദ്ധനവ്; കുറഞ്ഞ വേതനം 16,000 രൂപയാക്കി

റേഷന്‍ വ്യപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 350 വരെ കാര്‍ഡുകളുളള റേഷന്‍ കടകള്‍ക്കാണ് ഈ തുക നിശ്ചയിച്ചത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപരികള്‍ക്ക് ലഭിക്കേണ്ട വേതന പാക്കേജ് സംബന്ധിച്ച് റേഷന്‍ വ്യാപാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

സംസ്ഥാനത്തെ 350 മുതല്‍ 2100 വരെ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന കടകളെ വിവിധ സ്ലാബുകളാക്കി തിരിച്ച് ആദ്യത്തെ 3 സ്ലാബുകള്‍ക്ക് നിശ്ചിത താങ്ങ് വേതനം നിശ്ചയിച്ചുകൊണ്ടാണ് പാക്കേജ് തയ്യാറാക്കിയത്. 2100 വരെ കാര്‍ഡ് കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് 47,000 രൂപ പ്രതിമാസം ലഭിക്കും. സര്‍ക്കാരിന് പ്രതിവര്‍ഷം 350 കോടി രൂപ ബാധ്യത ഇതുമൂലമുണ്ടാവും.

പാക്കേജില്‍ നിശ്ചയിക്കപ്പെട്ട വേതനം ലഭിക്കാന്‍ വ്യാപാരികള്‍ നിശ്ചിത അളവിലുളള ധാന്യം ബയോമെട്രിക് സംവിധാനത്തിലൂടെ വിതരണം ചെയ്തിരിക്കണം. കൃത്യമായ അളവില്‍ ധാന്യം ഗോഡൗണുകളില്‍ നിന്നും വ്യാപാരികള്‍ക്ക് തൂക്കികൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഭക്ഷ്യഭദ്രതാ നിയമം നടപ്പില്‍ വന്ന് നവംബര്‍ മുതല്‍ വാതില്‍പ്പടി വിതരണം ആരംഭിച്ച മാര്‍ച്ച് മാസം വരെ റേഷന്‍ കടക്കാര്‍ക്ക് ഇന്‍സന്റീവായി പ്രതിമാസം 500 രൂപ വീതം നല്‍കാനും ധാരണയായി.

റേഷന്‍ കാര്‍ഡ് വിതരണത്തില്‍ വ്യാപാരികളുടെ സഹായസഹകരണം ഉണ്ടാകണമെന്നും ജനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ധാന്യങ്ങള്‍ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് 14335 റേഷന്‍ വ്യാപാരികളാണ് നിലവിലുളളത്. റേഷന്‍ വിതരണത്തിലെ കമ്മീഷന് പുറമെ പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ ഉപയോഗിച്ച് ബാങ്കിങ് സേവനങ്ങള്‍, റേഷന്‍ ഇതര നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പന എന്നിവ വഴിയുളള അധിക വരുമാനവും സര്‍ക്കാരിന്റെ പരിഗണയിലുണ്ട്. യോഗത്തില്‍ ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി മിനി ആന്റണി, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എന്‍.ടി.എല്‍. റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *