പശുക്കടത്ത് കേസ്; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

പശുക്കടത്തിന്റെ പേരില്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സോഹ്ന പോലീസ് സ്റ്റേഷനിലാണ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസുകാരനെ കൂടാതെ ഗോരക്ഷാ സംഘത്തിലെ അംഗത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

2015 സപ്തംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേദിവസം ഗോരക്ഷാ സംഘം അംഗമായ ഹര്‍പാലിന്റെ നേതൃത്വത്തില്‍ ഒരു വാഹനത്തെ പിന്തുടരുകയും ഗ്രാമത്തില്‍വെച്ച് തടഞ്ഞ് വാഹനത്തില്‍നിന്നും ഒരു പശുവിനെയും രണ്ട് പശുക്കുട്ടികളെയും കണ്ടെടുത്തതായും പറയുന്നു. തങ്ങളെകണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഗ്രാമത്തില്‍വെച്ച് ഉത്തര്‍പ്രദേശുകാരനായ ഡ്രൈവറെ പിടികൂടിയതെന്ന് ഹര്‍പാല്‍ വ്യക്തമാക്കുന്നുണ്ട്.

സംഭവത്തില്‍ ഗുരുതരമായ കുറ്റം ചുമത്തിയാണ് ഡ്രൈവറായ ബിഹാരിലാലിനെതിരെ കേസെടുത്തിരുന്നത്. കൊലപാതകശ്രമത്തിന് 307 വകുപ്പ് പ്രകാരവും പഞ്ചാബിലെ പശു നിയമപ്രകാരവുമാണ് പോലീസ് ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ കേസെടുത്തത്. എന്നാല്‍, സംഭവം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

കോടതിയില്‍ ഒരു സ്വതന്ത്ര സാക്ഷിയെപ്പോലും ഹാജരാക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് സാധിച്ചില്ല. മാത്രമല്ല, തന്റെ വാഹനം ഉപയോഗിച്ച് ഗോ രക്ഷാ പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചെന്ന വകുപ്പ് തെളിയിക്കാന്‍ ആയില്ലെന്നും കോടതി വിലയിരുത്തി. ഇതോടെയാണ് ഉദ്യോഗസ്ഥനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ ഉത്തരവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *