പമ്ബയിലെ മണല്‍ നീക്കാന്‍ നടപടി തുടങ്ങി; ബോര്‍ഡിന്‍റെ ആവശ്യം കഴിഞ്ഞുള്ള മണല്‍ ലേലം ചെയ്യും

പമ്ബ: പ്രളയത്തെ തുടര്‍ന്ന് പമ്ബയില്‍ അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചു. ദേവസ്വം ബോര്‍ഡിന്‍റെ നിര്‍മ്മാണ ആവശ്യത്തിനുള്ള മണല്‍ കൈമാറിയ ശേഷം അവശേഷിക്കുന്ന മണല്‍ ലേലം ചെയ്യാനുള്ള നടപടികളാണ് വനംവകുപ്പ് തുടങ്ങിയിരിക്കുന്നത്.

വനം, ദേവസ്വം വകുപ്പുകള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പമ്ബയില്‍ അടിഞ്ഞ് കൂടിയ മണല്‍ നീക്കുന്നത് വൈകിയത്. പമ്ബാ പുനരുദ്ധാരണ പ്രവര്‍ത്തനം ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പ് ത്രിവേണിയിലും പരിസരങ്ങളിലും അടിഞ്ഞുകൂടിയ മണല്‍ പമ്ബ ചക്കുപാലത്തെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് താത്കാലികമായി കൂട്ടിയിട്ടിരിക്കുകയാണ്.

വീണ്ടും മഴ വന്നാല്‍ ഇത് പമ്ബയിലെത്തുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. മണല്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിതല ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയത്. ദേവസ്വം ബോര്‍ഡിന് നിലക്കലിലും പമ്ബയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര മണല്‍ ആവശ്യമുണ്ടെന്ന് ഉടന്‍ വനം വകുപ്പിനെ അറിയിക്കും.

നദിതീരത്ത് നാല് കിലോമീറ്റ‍ര്‍ ചുറ്റളവില്‍ എകദേശം നാല് കോടിയോളം രൂപ വിലമതിക്കുന്ന മണല്‍ അടിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. പ്രളയ സമയത്ത് കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതോടെയാണ് താഴ്വാരത്തുള്ള പമ്ബ ത്രിവേണിയില്‍ മണല്‍ അടിഞ്ഞുകൂടിയത്. ശബരിമല സീസണില്‍ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യം ഒരുക്കാനായി മണല്‍ താത്കാലികമായി മാറ്റുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *