നെയ്മറെ തിരികെയെത്തിക്കാന്‍ തയ്യാറെന്ന് ബാഴ്‌സലോണ

സീസണിന്റെ തുടക്കത്തില്‍ ആരാധകരെയും സഹതാരങ്ങളെയും ഞെട്ടിച്ചാണ് ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറിയത്. ബാഴ്‌സ വിട്ടതിനു ശേഷം ബാഴ്‌സ മാനേജ്‌മെന്റുമായി പല പ്രശ്‌നങ്ങളും നെയ്മര്‍ക്കുണ്ടാവുകയും ചെയ്തു.

ലോയല്‍റ്റി ബോണസായ തുക ബാഴ്‌സലോണ തനിക്കു നല്‍കിയില്ലെന്നു കാണിച്ച് നെയ്മര്‍ ഫിഫക്കു പരാതി നല്‍കുകയും പരാതി ഫിഫ തള്ളുകയും ചെയ്തിരുന്നു. ബാഴ്‌സ മാനേജ്‌മെന്റും നെയ്മറുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന ധാരണ ഇതേത്തുടര്‍ന്ന് ഉണ്ടായെങ്കിലും ക്ലബിന്റെ പ്രസിഡന്റ് ബര്‍ട്ടമൂവിന്റെ പുതിയ പ്രസ്താവന ഇതിനെയെല്ലാം നിഷേധിക്കുന്നതാണ്.

നെയ്മറെ വീണ്ടും ബാഴ്‌സയിലേക്കെത്തിക്കാന്‍ താന്‍ തയ്യാറാണെന്നാണ് ബാഴ്‌സലോണ പ്രസിഡന്റ് അടുത്തിടെ ഒരു ടിവി ഷോയില്‍ പറഞ്ഞത്. വാല്‍വെര്‍ദേ ബാഴ്‌സലോണ പരിശീലകനായി തുടരുമോയെന്ന പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴാണ് നെയ്മറെ കുറിച്ചും ബാഴ്‌സ പ്രസിഡന്റ് മനസു തുറന്നത്.

ലോകത്തിലെ മികച്ച താരങ്ങള്‍ സ്പാനിഷ് ലീഗില്‍ കളിക്കുന്നത് തനിക്കു വളരെയധികം താല്‍പര്യമുള്ള കാര്യമാണെന്നും അതു കൊണ്ടു തന്നെ നെയ്മറെ വീണ്ടും ബാഴ്‌സലോണയിലെത്തിക്കാന്‍ തനിക്കു മടിയില്ലെന്നും ബര്‍ട്ടമൂ പറഞ്ഞു. സ്പാനിഷ് മാധ്യമം മാര്‍ക്കയാണ് വാര്‍ത്ത പുറത്തു വിട്ടത്.

അതേ സമയം വാല്‍വെര്‍ദേ ബാഴ്‌സലോണ വിടില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. വാല്‍വെര്‍ദ്ദേയുടെ പ്രകടനത്തില്‍ ബാഴ്‌സക്ക് സംതൃപ്തിയുണ്ടെന്നും റോമക്കെതിരായ മത്സരത്തിലെ തോല്‍വിക്കു ശേഷവും വാല്‍വെര്‍ദെയെ ആരും സംശയിച്ചിട്ടില്ലെന്നും ബര്‍ട്ടമൂ പറഞ്ഞു. അതേ സമയം നെയ്മറെ വീണ്ടും ബാഴ്‌സ സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പിഎസ്ജിയില്‍ നിന്നും താരം ഈ സീസണോടെ പുറത്തു പോകുമെന്ന് സൂചനകളുണ്ട്. നേരത്തേ നെയ്മര്‍ ബാഴ്‌സയിലേക്ക് തിരികെയെത്തണമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *