നവീന്‍ പട്നായിക്ക് മോദിയുടെ പതിപ്പ്; രാഹുല്‍ ഗാന്ധി

ദില്ലി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നവീന്‍ പട്നായിക്ക് ഒരു ഏകാധിപതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പതിപ്പാണെന്നും രാഹുല്‍ പറഞ്ഞു. ദേശീയതലത്തില്‍ മോദിക്കെതിരെയും ഒഡീഷയില്‍ മോദി പതിപ്പിനെതിരേയും കോണ്‍ഗ്രസ് പോരാടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഒഡീഷയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ പട്നായിക്കിനോടുള്ള എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ, അദ്ദേഹമൊരു ഏകാധിപതിയാണ്, അദ്ദേഹത്തിന് കേന്ദ്രീകൃതമായ അധികാരമുണ്ട്. പ‌ക്ഷേ നവീന്‍ പട്നായിക്ക് ഇതുവരെ പ്രധാനമന്ത്രിയെപോലെ ആയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. അഴിമതി കേസുകളില്‍ നവീന്‍ പട്നായിക്കിന് മുകളില്‍‌ ഒരു സ്വാധീനം ചെലുത്താന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇരു നേതാക്കളും തമ്മില്‍ രഹസ്യ ധാരണയുണ്ട്. മോദിയെ എല്ലാക്കാലത്തും നവീന്‍ പിന്തുണയ്ക്കും. അതിപ്പോള്‍ ജിഎസ്ടി ആയാലും നോട്ട് നിരോധനം ആയാലും. ഒഡീഷയെ ഏകാധിപത്യ ഭരണത്തില്‍നിന്ന് കരകയ‍റ്റി ജനങ്ങള്‍ക്ക് കൈമാറണം. അതാണ് ഒഡീഷയില്‍ കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ പോകുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുമായി 11 വര്‍ഷം ഒരുമിച്ച്‌ ചേര്‍ന്ന് നവീന്‍ പട്‌നായിക്ക് ഭരിച്ചിട്ടുണ്ട്. 1998 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് ഇത്. എന്നാല്‍ 2009ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ബന്ധത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പിന്നീട് നേടാനും പട്‌നായിക്കിന് സാധിച്ചു. എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും മോദിയുടെ എല്ലാം പദ്ധതികളെയും നവീന്‍ പട്നായിക്ക് പിന്തുണയ്ക്കാറുണ്ട്. പാര്‍ലമെന്റില്‍ നിര്‍ണായക വിഷയങ്ങളില്‍ അടക്കം പട്‌നായിക്ക് മോദിയെ പിന്തുണച്ചിരുന്നു. ഇരുവരും തമ്മില്‍ രഹസ്യ ബന്ധം ഉണ്ടെന്ന് പ്രതിപക്ഷ കക്ഷികളടക്കം ആരോപിക്കാറുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *