നക്ഷത്ര ജ്വല്ലറിയുടമയും ഭാര്യയായ പ്രമുഖ വ്‌ളോഗറുമുള്‍പ്പെട്ട 250 കോടിയുടെ സ്വര്‍ണ തട്ടിപ്പ്

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്ന ജ്വല്ലറി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് ടിഎം, ഭാര്യയും പ്രമുഖ വ്ളോഗറുമായ ഷംന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കളമശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വാര്‍ത്തയാക്കാതെ പ്രമുഖ മാധ്യമങ്ങള്‍ മുക്കുന്നതായി ആരോപണം.

ഒന്നാം പ്രതിയായ ഷാനവാസിന്റെ ഉമ്മയുടെ സഹോദരനായ അരൂര്‍ സ്വദേശിയായ എം.എസ് മാമ്മുവാണ് സ്വര്‍ണ തട്ടിപ്പിനും വഞ്ചനയ്ക്കുമെതിരെ കേസ് നല്‍കിയ പരാതിക്കാരന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ 2024 ഫെബ്രുവരി 10നാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഓഡിറ്റര്‍ മജു കെ ഇസ്മയിലിന്റെ സഹായത്തോടെ കള്ള രേഖകള്‍ ഉണ്ടാക്കിയും ഡയറക്ടര്‍മാരുടെ കള്ളഒപ്പിട്ടും മുന്‍പുണ്ടായിരുന്ന നക്ഷത്ര ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും താനുള്‍പ്പെടെയുള്ള ഡയറക്ടര്‍മാരെ പുറത്താക്കിയതിനെതിരെയാണ് എം.എസ് മമ്മു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് രേഖകള്‍ സഹിതം പരാതി നല്‍കിയിരുന്നത്.

ഐ.പി.സി 406, 420 , 409 , 468 , 471 , 120B, 34 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ടി.എം ഷാനാവാസിനും ഭാര്യ ഷംനയ്ക്കും പുറമെ, ഇവരുടെ ഓഡിറ്ററും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ മജു കെ ഇസ്മയില്‍, ഷാനവാസിന്റെ സഹോദരന്‍ മുഹമ്മദ് ഷമീറും പ്രതികളാണ്. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ഈ സംഭവം വാര്‍ത്തയാക്കാന്‍ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.

ഇത്രയും ഗുരുതരമായ ഒരു പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടും മാധ്യമങ്ങള്‍ അത് കണ്ടില്ലന്നു നടിക്കുന്നത് പ്രതികളായ ജ്വല്ലറി ഉടമകളുടെ പിആര്‍ വര്‍ക്കിന്റെ സ്വാധീനം മൂലമാണെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം. ഇതിനു പിന്നില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് പുറത്തു വരുന്ന വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *