ടൂൾ കിറ്റ് കേസ്; ദിശ രവിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിശയെ പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി പൊലീസ് കൂടുതൽ ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ദിശ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. എഫ്‌ഐആർ വിവരങ്ങൾ ചോർത്തിയ മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ദിശ രവി ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയും പരിഗണിക്കും. ഇന്നലെ ഹർജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാറിനും എൻബിഎസ്എക്കും നോട്ടീസ് അയച്ചിരുന്നു.

വിവരങ്ങൾ പുറത്തുവിട്ട മാധ്യമങ്ങളായ ടൈംസ് നൗ, ഇന്ത്യ ടുഡെ, ന്യൂസ് 18 എന്നിവക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ദിശ രവിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിൽ മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപിച്ച് നിയമവിദഗ്ധർ രംഗത്തെത്തിയിരുന്നു. അഭിഭാഷകർ ഹാജരാകാത്ത സാഹചര്യത്തിൽ ജുഡിഷ്യൽ കസ്റ്റഡിക്ക് പകരം പൊലീസ് കസ്റ്റഡിയിൽ വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്നും മുതിർന്ന അഭിഭാഷക റബേക്ക ജോൺ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെ ഡൽഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോൺ ചോദിച്ചു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂൾ കിറ്റിന്റെ പേരിലുളള അറസ്റ്റ് നിയമവിരുദ്ധമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *