പെട്രോളിന് 69, ഡീസലിന് 58; ഊടുവഴികളിലൂടെ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പെട്രോൾ ഒഴുകുന്നു

ഇന്ത്യയിൽ പെട്രോൾ വില കുത്തനെ കൂടിയതോടെ അതിർത്തി ഗ്രാമങ്ങളിലേക്ക് നേപ്പാളിൽ നിന്നുള്ള എണ്ണക്കടത്ത് വ്യാപകം. അയൽരാജ്യവുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ ജനങ്ങൾ എണ്ണ വാങ്ങാനായി കൂട്ടത്തോടെ നേപ്പാളിലെത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേപ്പാളിൽ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില.

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കടത്തുന്ന മാഫിയയും വികസിച്ചു വന്നിട്ടുണ്ട്. ബൈക്കിലും സൈക്കിളിലും കന്നാസുകളുമായി പോയാണ് ആളുകൾ ഇന്ധനം സ്വന്തം ഗ്രാമങ്ങളിലെത്തിക്കുന്നത്. അതിർത്തി ഗ്രാമങ്ങൾ വഴി അയൽ രാജ്യത്തേക്ക് പ്രവേശിക്കാൻ വലിയ നിയന്ത്രണങ്ങളില്ല.

ബിഹാറിലെ അറാറിയ, കിഷൻഗഞ്ച് എന്നിവിടങ്ങളിലെ ചെറുറോഡുകൾ വഴി പെട്രോൾ കള്ളക്കടത്ത് പതിവുകാഴ്ചയാണെന്ന് ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.

നേപ്പാളിൽ പെട്രോളിന്റെ വില 111.20 രൂപയാണ് (നേപ്പാൾ രൂപ) ഇത് 69.50 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. അതുപോലെ, നേപ്പാളിലെ ഡീസലിന്റെ വില ഇന്ത്യൻ കറൻസിയിൽ 58.88 രൂപയാണ്. 94.20 നേപ്പാൾ രൂപയാണ് അവിടെ ഡീസലിന്. ബിഹാറിൽ പെട്രോളിന്റെ വില 93.50 രൂപയും ഡീസലിന് 85.70 രൂപയുമാണ്.

നേപ്പാളിലേക്ക് പെട്രോൾ വിതരണം ചെയ്യുന്നത് ഇന്ത്യൻ ഓയിൽ കോർപറേഷനാണ് എന്നതാണ് ഏറെ കൗതുകകരം. ഗൾഫ് രാജ്യത്ത് നിന്ന് കോർപറേഷൻ ഇറക്കുമതി ചെയ്യുന്ന പെട്രോളാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉടമ്പടി പ്രകാരം നേപ്പാളിന് നൽകുന്നത്. ഇന്ത്യയിലെ പോലെ സങ്കീർണമായ നികുതി സമ്പ്രദായം ഇല്ലാത്തതാണ് അവിടെ എണ്ണയ്ക്ക് വില കുറയാനുള്ള കാരണം.

കള്ളക്കടത്ത് തങ്ങളുടെ വിൽപ്പനയെ വൻതോതിൽ ബാധിച്ചതായി ജോഗ്ബനി ടൗണിലെ പെട്രോൾ പമ്പ് ഉടമ സുധീർ കുമാർ പറയുന്നു. പമ്പ് ഉടമകളുടെ പരാതിയെ തുടർന്ന് അതിർത്തിയിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *