ജാട്ട് പ്രക്ഷോഭത്തിനിടെ ഒമ്പതു സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി- അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം ജാട്ട് സംവരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങള്‍ക്കിടെ ഒമ്പതു സ്ത്രീതകള്‍ ബലാത്സംഗത്തിനിരയായതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനും അമിക്കസ് ക്ൂറിയുമായ അനുപം ഗുപ്ത പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഹരിയാന അഡീഷനല്‍ ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍ നേരത്തെ ഇക്കാര്യം തന്നോട് പങ്കു വെച്ചിരുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി മനോഹര്‍ ലാര്‍ ഖട്ടാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സെക്രട്ടറി ഇപ്പോള്‍ ഇക്കാര്യം നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നട്ടെല്ലില്ലാത്തതിനാലാണ് വര്‍ധന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഗുപ്ത ആവശ്യപ്പെട്ടു.

അതേസമയം, ഗുപ്തയുടെ ആരോപണങ്ങള്‍ വര്‍ധന്‍ നിഷേധിച്ചു. ഗുപ്തയുമായി അത്തരത്തിലൊരു സംഭാഷണം നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നവംബര്‍ ആറിനാണ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസ് ഇനി പരിഗണിക്കുന്നത്.

2016 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ടുള്ള ജാട്ട് വിഭാഗക്കാരുടെ പ്രക്ഷോഭം നടന്നത്. പ്രക്ഷോഭത്തില്‍ മുപ്പതിലേറെ ആളുകള്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *