ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന്

ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് കരുത്തരുടെ പോരാട്ടങ്ങള്‍. ചെല്‍സി റയല്‍ മഡ്രിഡിനെയും നാപ്പോളി എ.സി.മിലാനെ എതിരിടും. ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് മത്സരം.

ആദ്യപാദത്തിലെ ഇരട്ടഗോള്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാനാണ് ചെല്‍സി ലക്ഷ്യമിടുന്നത്. പ്രീമിയര്‍ ലീഗിലും കാര്യമായ നേട്ടമുണ്ടാക്കാനാകാതെ പതറുന്ന ചെല്‍സിക്ക് ചാമ്ബ്യന്‍സ് ലീഗിലെ വിജയം അനിവാര്യമാണ്. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണബുവില്‍ നടന്ന ആദ്യപാദത്തില്‍ കരീം ബെന്‍സിമയുടെയും മാര്‍ക്കോ അസ്സെന്‍സിയോയുടെയും ഗോളുകളാണ് റയല്‍ ചെല്‍സിയെ തകര്‍ത്തത്.

എന്നാല്‍, രണ്ടാംപാദ മത്സരം സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് നടക്കുന്നതെന്നത് ചെല്‍സിക്ക് ആശ്വാസമാണ്. വിനീഷ്യസ് ജൂനിയര്‍, കരീം ബെന്‍സിമ, റോഡ്രിഗോ, അസ്സെന്‍സിയോ തുടങ്ങിയവരുടെ മികവിലാണ് റയലിന്റെ പ്രതീക്ഷ. ജാവോ ഫെലിക്സും റഹീം സ്റ്റര്‍ലിങ്ങും കെയ് ഹാവെര്‍ട്സും ചെല്‍സിക്ക് കരുത്തുപകരുന്നു.

ഇറ്റാലിയന്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്ന നാപ്പോളി രണ്ടാംപാദത്തില്‍ പ്രതീക്ഷയിലാണ്. എ.സി. മിലാനോട് ആദ്യപാദത്തില്‍ എതിരില്ലാത്ത ഒരുഗോളിന് തോറ്റ നാപ്പോളിക്ക് രണ്ടാം പാദം നിര്‍ണായകമാണ്. ഒളിവര്‍ ജിറൂദ്, റാഫേല്‍ ലിയാവോ, ബ്രാഹിം ഡയസ് എന്നിവരെല്ലാം മിലാനുവേണ്ടി മിന്നുന്ന ഫോമിലാണ്. നാപ്പോളിയുടെ എലിഫ് എല്‍മാസ്, ക്വിച്ച ക്വരത്ഷെലിയ, ഹിര്‍വിങ് ലൊസാനോ തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ. നപ്പോളിയുടെ തട്ടകമായ ഡിയാഗോ മറഡോണ സ്റ്റേഡിയത്തിലാണ് മത്സരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *