ക്ഷേത്ര സന്ദര്‍ശനവിവാദം: സിപിഐഎം സംസ്ഥാന സമിതിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് വിമര്‍ശനം

സിപിഐഎം സംസ്ഥാന സമിതിയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിമര്‍ശനം. മന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ക്ഷേത്രസന്ദര്‍ശനം പാര്‍ട്ടിക്ക് ഉള്ളിലും പുറത്തും വിമര്‍ശനം ഉണ്ടാക്കിയെന്നും യോഗത്തില്‍ പരാമര്‍ശം ഉണ്ടായി. തോമസ് ചാണ്ടിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്ര ദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ പരാമര്‍ശിച്ചത്. പാര്‍ട്ടിക്ക് പുറത്തും അകത്തും വലിയ വിമര്‍ശനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയെ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം സംസ്ഥാന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. മന്ത്രിക്ക് എതിരെ വലിയ വിമര്‍ശനം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്നേക്കാം. അതേസമയം, ക്ഷേത്ര സന്ദര്‍ശനം ചര്‍ച്ച ചെയ്യേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയേറ്റ് നേരത്തെ തീരുമാനം എടുത്തിരുന്നത്.
ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സിപിഐഎം സംസ്ഥാന സമിതി തിരുവനന്തപുരത്ത് ചേരുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സംസ്ഥാന സമിതിയുടെ പ്രധാന അജണ്ടയെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും.
മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ നടപടി ഉണ്ടാകണമെന്നും ആവശ്യമെങ്കില്‍ മന്ത്രിയെ മാറ്റി നിര്‍ത്തണമെന്നുമാണ് സംസ്ഥാന സമിതി അംഗങ്ങളുടെ പൊതു വികാരം. ഇതും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്നേക്കാം. ആലപ്പുഴ ജില്ലാ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ടും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.
സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും അതിലെ വിവരങ്ങള്‍ മറച്ചു പിടിക്കുന്നതില്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയരും. കഴിഞ്ഞ സര്‍ക്കാരിനെതിരെ സിപിഐഎം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നിലേക്ക് ചര്‍ച്ചകള്‍ക്ക് വിട്ടുനല്‍കണമെന്നും ഇത് വേങ്ങരയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *