കൊവിഡ്: സിറോ സര്‍വേ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍

കൊവിഡ് രോഗം എത്ര പേര്‍ക്ക് വന്നുപോയി എന്നു മനസിലാക്കുന്നതിനായി നടത്തുന്ന സിറോ സര്‍വേ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും ഒരുങ്ങുന്നു. പ്രതിദിന രോഗികളുടെ എണ്ണം 10,​000 കടന്നതോടെയാണിത്. നേരത്തെ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍)​ എറണാകുളം,​ തൃശൂര്‍,​ പാലക്കാട് ജില്ലകളില്‍ സിറോ സര്‍വേ നടത്തിയിരുന്നു. അന്ന് 0.8% പേര്‍ക്ക് കൊവിഡ് വന്നുപോയിരിക്കാമെന്നാണ് കണ്ടെത്തിയത്. നിലവില്‍ 2.60 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് ബാധിച്ചത്. ഇതിന്റെ പത്തിരിട്ടിയായ 25 ലക്ഷം പേര്‍ക്ക് രോഗം വന്നുപോയെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. ആകെ ജനസംഖ്യയുടെ 30 ശതമാനം പേര്‍ വൈറസ് ബാധിതരായാല്‍ രോഗം മൂര്‍ദ്ധന്യത്തിലെത്തി കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. അതായത് മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ കൊവിഡ് മൂര്‍ദ്ധന്യത്തിലെത്താന്‍ ഇനിയും സമയമെടുക്കുമെന്ന് സാരം.
ഐ.സി.എം.ആര്‍ സര്‍വേ ഫലപ്രദമല്ലെന്ന് വിദഗ്ദ്ധര്‍
അതേസമയം,​ ഐ.സി.എം.ആര്‍ നടത്തുന്ന സിറോ സര്‍വേ ഫലം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശരിയായ സൂചകമല്ലെന്നാണ് കേരളത്തിലെ വിദഗ്ദ്ധര്‍ പറയുന്നത്. സംസ്ഥാനത്ത പല ജില്ലകളിലും കൊവിഡ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതിന് മുമ്ബാണ് സിറോ സര്‍വേ നടന്നത്. ഇപ്പോഴാകട്ടെ സിറോ സര്‍വേയ്ക്ക് ഉചിതമായ സമയമാണ്. നാല് ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണിപ്പോള്‍. മറ്റ് ജില്ലകളില്‍ രോഗികള്‍ ആയിരത്തോട് അടുക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സിറോ സര്‍വേ നടത്തേണ്ടതെന്നും അതിലൂടെ കൊവിഡിന്റെ യഥാര്‍ത്ഥ വ്യാപനത്തോത് മനസിലാക്കാനാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഐ.സി.എം.ആര്‍ സര്‍വേ കൂടാതെ മഹാരാഷ്ട്രയിലെ മുംബയിലും പൂനെയിലും സംസ്ഥാനം സ്വന്തം നിലയില്‍ സിറോ സര്‍വേ നടത്തിയിരുന്നു. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധന നടത്തുകയാണ് ഇനി വേണ്ടതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സര്‍വേകളിലൂടെ രോഗത്തിന്റെ വ്യാപനത്തോതിന്റെ മൂര്‍ദ്ധന്യാവസ്ഥ എങ്ങനെയാണെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധരിലൊരാളായ ഡോ.അരുണ്‍ എന്‍.എം പറഞ്ഞു. തമിഴ്നാട്,​ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിതീവ്രമായതിനാല്‍ തന്നെ സിറോ സര്‍വേ അവിടെ ഗുണം ചെയ്തു. എന്നാല്‍ കേരളത്തില്‍ വ്യാപനം മൂര്‍ദ്ധന്യത്തിലേക്ക് എത്തുന്നതേയുള്ളൂ. ഇതേസമയം,​ സര്‍വേ ഫലം അനുസരിച്ച്‌ പോസിറ്റീവാകുന്നവരെ പരിശോധനയില്‍ തിരിച്ചറിയാത്തത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വളരെ കുറവാണെന്നും ഇത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടെന്നുമാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഒരേസമയം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നാണ് സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *