കൊച്ചിയില്‍ കൂടുതല്‍ ആഡംബര കപ്പലുകള്‍; കര്‍മപദ്ധതിയുമായി കേന്ദ്രം

രാജ്യത്ത് കപ്പല്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ കര്‍മപദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കൊച്ചിയടക്കമുള്ള തുറമുഖങ്ങളില്‍ കൂടുതല്‍ ആഡംബരനൗകകളും യാത്രികരും എത്തുന്നതിനായി വിസ നിയമങ്ങളും നികുതി വ്യവസ്ഥകളും ഇളവു ചെയ്യും. സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള 200 തുറമുഖങ്ങളില്‍ ആഡംബര കപ്പലുകളെത്തുന്നതിന് സൗകര്യമൊരുക്കും. കര്‍മപദ്ധതിക്ക് ഒരുമാസത്തിനകം അന്തിമരൂപമാകുമെന്ന് തുറമുഖ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

രാജ്യത്ത് നിലവില്‍ എഴുപത് ആഡംബര കപ്പലുകള്‍ മാത്രമാണ് പ്രതിവര്‍ഷം എത്തുന്നത്. ഇത് എഴുന്നൂറാക്കി ഉയര്‍ത്തുന്നതിനായി വ്യവസ്ഥകളില്‍ വന്‍ഇളവുകള്‍ നല്‍കിയാണ് പദ്ധതി. കൊച്ചി, മുംബൈ, ഗോവ, ചെന്നൈ, ന്യൂ മംഗളൂരു എന്നീ തുറമുഖങ്ങളില്‍ മാത്രമേ നിലവില്‍ ആഡംബര കപ്പലുകള്‍ എത്തുന്നതിന് സൗകര്യമുള്ളൂ. കൂടുതല്‍ തുറമുഖങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ രണ്ടരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഗംഗയിലും ബ്രഹ്മപുത്രയിലും കപ്പല്‍ വിനോദസഞ്ചാരത്തിനായി ജലപാതയൊരുക്കാനുള്ള പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പത്തു ജലപാതകളുടെ നിര്‍മാണത്തിനുള്ള പ്രവൃത്തികള്‍ ഡിസംബറില്‍ ആരംഭിക്കും.

കപ്പല്‍ വിനോദസഞ്ചാരികളുടെ എണ്ണം പത്തുവര്‍ഷത്തിനകം 15 ലക്ഷമാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര തുറമുഖ മന്ത്രാലയവും വിനോദസഞ്ചാര മന്ത്രാലയവും കര്‍മപദ്ധതി തയ്യാറാക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍നിന്നുള്ള യാത്രികര്‍ക്കാണ് വിസ ഇളവുകള്‍ നല്‍കുക. കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം ഒഴിവാക്കും. കപ്പലിനകത്തുള്ള ഹോട്ടലുകളും വിനോദസൗകര്യങ്ങളും തുറമുഖത്തും ഇന്ത്യന്‍ സമുദ്ര മേഖലയിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ക്രൂയിസുകള്‍ക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഏജന്‍സി രൂപവത്കരിക്കും. ഹോട്ടലുകളുടെയും വിമാനക്കമ്ബനികളുടെയും സഹകരണത്തോടെ പാക്കേജുകള്‍ തയ്യാറാക്കും.

വന്‍ ആഡംബരകപ്പലുകള്‍ കൊണ്ടുവരുന്നതിന് പലയിടത്തും ശേഷിയും സൗകര്യങ്ങളുമില്ല. സങ്കീര്‍ണമായ നികുതിവ്യവസ്ഥയാണ് മറ്റൊരു വെല്ലുവിളി. അഞ്ചു തുറമുഖങ്ങളിലെ ആഡംബര കപ്പല്‍ യാത്രികരുടെ എണ്ണം പരിശോധിക്കുമ്ബോള്‍ ഏറ്റവും വികസനസാധ്യത മുംബൈയിലാണ്. മുംബൈയെ ഹോം പോര്‍ട്ട് ആക്കും. വിശാഖ പട്ടണം, ദിയു, പോര്‍ബന്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ അധിക തുറമുഖങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *