ഇടുക്കിയില്‍ കനത്ത മഴ; അണക്കെട്ടില്‍ ജലനിരപ്പ് കൂടി

ഇടുക്കിയില്‍ കാലവര്‍ഷം ശക്തിപ്പെട്ടതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരാന്‍ തുടങ്ങി. വേനലില്‍ ശോഷിച്ച പെരിയാറും ജലസമൃദ്ധമായി. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലടക്കം ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി.

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 14 സെന്റിമീറ്റര്‍ മഴ ലഭിച്ചു. ജലനിരപ്പ് നാലടി ഉയര്‍ന്ന് ചൊവ്വാഴ്ച 2304.46 അടിയിലെത്തി. കഴിഞ്ഞവര്‍ഷം ഇതേദിവസത്തെക്കാള്‍ 19.8 അടി വെള്ളം കുറവാണിത്. കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്നുമുതല്‍ 27 വരെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 464.4 മില്ലിമീറ്ററും ഈവര്‍ഷം ഇതേകാലയളവില്‍ 463.2 മില്ലിമീറ്ററും മഴ ലഭിച്ചു. ഇപ്പോള്‍ 13 ശതമാനത്തോളം വെള്ളമാണുള്ളത്.

ഞായറാഴ്ച ലഭിച്ച 5.5 സെന്റിമീറ്റര്‍ മഴയില്‍ 17.213 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. ജൂണ്‍ ഒന്നുമുതല്‍ 26 വരെ ഒഴുകിയെത്തിയത് 93.76 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്. സംസ്ഥാനത്തെ 16 അണക്കെട്ടിലുംകൂടി നിലവില്‍ 45 ശതമാനം വെള്ളമുണ്ട്. എന്നാല്‍ വൈദ്യുതി ഉത്പാദനത്തില്‍ വര്‍ധന വരുത്തിയിട്ടില്ല.

സംസ്ഥാനത്ത് ഞായറാഴ്ച 54.7303 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ മൊത്തം ഉത്പാദനം 9.9516 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ ഇടുക്കി അണക്കെട്ടില്‍നിന്നുമാത്രം ഉത്പാദിപ്പിച്ചത് 3.61 ദശലക്ഷം യൂണിറ്റ്. 44.7787 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇറക്കുമതിചെയ്താണ് ഞായറാഴ്ചത്തെ ഉപഭോഗം നടത്തിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും കനത്തമഴ തുടരുകയാണ്. ഒരുദിവസംകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ടടി ജലനിരപ്പ് ഉയര്‍ന്നു. ഇപ്പോള്‍ 111 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മഴമാപിനിയില്‍ 72.2 മില്ലിമീറ്ററും തേക്കടിയില്‍ 52.2 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

അണക്കെട്ടിലേക്ക് മിനിറ്റില്‍ 1932 ഘനയടി വെള്ളം ഒഴുകിയെത്തുന്നതായാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. മിനിറ്റില്‍ 200 ഘനയടി എന്നത് 300 ഘനയടിയാക്കി.

ഇടുക്കി ജില്ലയിലെ മറ്റു പ്രധാനപ്പെട്ട അണക്കെട്ടുകളുടെയും വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *