കൃത്യമായി റേഷന്‍ വാങ്ങിയില്ലെങ്കില്‍ തടയാന്‍ സര്‍ക്കുലര്‍ വരുന്നു…

തിരുവനന്തപുരം: രണ്ടുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടയാന്‍ ഭക്ഷ്യവകുപ്പില്‍ ആലോചന. വിഹിതം തടയുമെങ്കിലും ഇവരുടെ കാര്‍ഡ് റദ്ദാക്കില്ല. സ്ഥിരമായി റേഷന്‍ വാങ്ങാത്തവരുടെ വിഹിതം അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കാനാണ് ആലോചന. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഉടനിറങ്ങും.
റേഷന്‍വിഹിതം നിശ്ചിതകാലയളവിലേക്ക് ആവശ്യമില്ലാത്തവര്‍ അക്കാര്യം രേഖാമൂലം അറിയിച്ചാല്‍ ആ കാലയളവുവരെ റേഷന്‍ തടഞ്ഞുവെയ്ക്കുകയും തുടര്‍ന്ന് അവര്‍ക്ക് പുനഃസ്ഥാപിച്ചുനല്‍കുകയും ചെയ്യും. സിവില്‍ സപ്ലൈസിനെ അറിയിക്കാതെ മുടക്കംവരുത്തുന്നവരുടെ റേഷന്‍വിഹിതമാണ് തടയുന്നത്.
സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളില്‍ 1.55 കോടി പേര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായാണ് നല്‍കുന്നത്. 1.21 കോടി പേര്‍ക്ക് രണ്ടുരൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയോടെ ധാന്യം നല്‍കുന്നു. ശേഷിക്കുന്നവര്‍ക്ക് 8.90 രൂപ നിരക്കിലാണ് അരി നല്‍കുന്നത്.
അന്ത്യോദയ (മഞ്ഞ) കാര്‍ഡില്‍ ഉള്‍പ്പെട്ട 64,000 കുടുംബങ്ങള്‍ക്ക് കാര്‍ഡൊന്നിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യമായാണ് നല്‍കുന്നത്. ഇത് വാങ്ങാത്തവരുടെ വിഹിതം മുന്‍ഗണനാ വിഭാഗത്തില്‍ ഒന്നാമത് നില്‍ക്കുന്ന കാര്‍ഡുടമയ്ക്ക് നല്‍കും.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്(പിങ്ക് കാര്‍ഡ്) കാര്‍ഡിലെ ആളൊന്നിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കും. ഈ വിഭാഗത്തില്‍പ്പെട്ടവരെ ഒഴിവാക്കിയാല്‍ തൊട്ടടുത്ത് പട്ടികയില്‍ മുന്നിലുള്ള മുന്‍ഗണനേതര സബ്സിഡി(നീല) വിഭാഗത്തിന് നല്‍കും. ഈ വിഭാഗത്തില്‍ വാങ്ങാത്തവരുടെ റേഷന്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കും.
പൊതുവിഭാഗത്തിലും വാങ്ങാത്തവരുടെ റേഷന്‍ സ്‌കൂള്‍, ആസ്പത്രി, ജയില്‍ എന്നിവര്‍ക്ക് നല്‍കും. മാസം 1.18 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇതില്‍ 46 ശതമാനം ധാന്യവും സൗജന്യമായി നല്‍കുന്നതാണ്. ശേഷിക്കുന്നതിനുമാത്രമാണ് പണം ഈടാക്കുന്നത്.
കേന്ദ്രവിഹിതം കുറയാതിരിക്കാന്‍
ഭക്ഷ്യഭദ്രതാ നിയമപ്രകാരം പട്ടിക തയ്യാറാക്കിയാണ് ഗുണഭോക്താക്കളെ കണ്ടെത്തി റേഷന്‍ധാന്യം നല്‍കുന്നത്. എന്നാല്‍, പട്ടികയിലുള്ള ഒട്ടേറെപ്പേര്‍ റേഷന്‍ വാങ്ങുന്നില്ല. അര്‍ഹതപ്പെട്ട പലരും പുറത്തുനില്‍ക്കുമ്പോഴാണിത്. അതത് മാസം ലഭിക്കുന്ന റേഷന്‍ മൊത്തത്തില്‍ ചെലവായാല്‍ മാത്രമേ സംസ്ഥാനത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം കേന്ദ്രത്തോട് ആവശ്യപ്പെടാനാകൂ. മുന്‍ഗണനപ്പട്ടികയില്‍പ്പെട്ടവര്‍ റേഷന്‍ധാന്യം വാങ്ങാതിരുന്നാല്‍ ഭാവിയില്‍ സംസ്ഥാനത്തിനു ലഭിക്കുന്ന കേന്ദ്രവിഹിതത്തില്‍ കുറവ് വന്നേക്കും
ഇ-പോസ് യന്ത്രം സ്ഥാപിക്കുന്നതോടെ യഥാര്‍ഥ കര്‍ഡുടമയ്ക്കുമാത്രമേ ധാന്യം വാങ്ങാനാകൂ. ഇപ്പോള്‍ റേഷന്‍ വാങ്ങാത്ത പലരുടെയും ധാന്യം കടക്കാര്‍തന്നെ മറിച്ചു വില്‍ക്കുകയാണ്. യന്ത്രം സ്ഥാപിച്ചാല്‍ മറിച്ചുവില്‍പ്പന നിലയ്ക്കും. ഇതോടെ സംസ്ഥാനത്തിന്റെ റേഷന്‍ ഉപഭോഗം കുറയുന്നതായി കണക്കുകള്‍ കാണിക്കും. ഇത് കണക്കിലെടുത്താണ് പുതിയ നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *