കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മുന്നേറ്റം

ബംഗളുരു: കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ഫലം അറിവായ 2267 സീറ്റുകളില്‍ 846 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. വെള്ളിയാഴ്ചയാണു കനത്ത സുരക്ഷയില്‍ 21 ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് ഈ തെരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടുന്നത്. ടൗണ്‍ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് കൂടുതല്‍ മുന്നേറ്റം നടത്തുന്നത്. അതേസമയം, കോര്‍പറേഷനുകളില്‍ ബിജെപി ലീഡ് നിലനിര്‍ത്തി മുന്നേറുന്നതാണ് കാഴ്ച.

ബിജെപി 788 സീറ്റു നേടിയപ്പോള്‍, സംസ്ഥാന സര്‍ക്കാരില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷി കൂടിയായ ജനതാദള്‍ (എസ്) 307 സീറ്റു നേടിയ മൂന്നാമതുണ്ട്. 277 സീറ്റുകള്‍ ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും സ്വന്തമാക്കി.

കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്കാണു മല്‍സരമെങ്കിലും തൂക്കുസഭ വരുന്ന സ്ഥലങ്ങളില്‍ ഒരുമിച്ചു ഭരണം പിടിക്കാനാണു തീരുമാനം. ഫലം അറിവായ ഒട്ടേറെ സ്ഥലങ്ങളില്‍ തൂക്കുസഭയ്ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടെയെല്ലാം കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം ഭരിക്കാനാണു സാധ്യത. നഗരപ്രദേശങ്ങള്‍ പൊതുവെ ബിജെപി ശക്തികേന്ദ്രങ്ങളായതിനാല്‍, പകുതി സീറ്റു പിടിച്ചാല്‍പോലും അതു നേട്ടമാണെന്നാണ് കോണ്‍ഗ്രസ് – ജെഡിഎസ് വിലയിരുത്തല്‍.

സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാല്‍ നഗര്‍, വിരാജ്‌പേട്ട്, സോമവാര്‍പേട്ട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചു. മൈസുരു, തുമക്കുരു, ശിവമൊഗ്ഗ കോര്‍പറേഷനുകളിലേക്കു വാശിയേറിയ പോരാട്ടമാണു നടന്നത്. ആകെ 8340 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *