കൊച്ചി: സര്‍ക്കാരിന്റെ കേസുകള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. 120 സര്‍ക്കാര്‍ അഭിഭാഷകരുണ്ടായിട്ടും കേസുകളില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന വിവരങ്ങള്‍ പലതും കോടതിക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും ഇത്തരത്തില്‍ കേസു നടത്തുന്നതിനെക്കാള്‍ സ്വകാര്യ അഭിഭാഷകരെ ഏല്പിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വാക്കാല്‍ പറഞ്ഞു.
ഇന്നലെ (23-07-2015) രാവിലെ എറണാകുളത്തെ ഒരു അഭിഭാഷകനെ പൊലീസ് പിടികൂടിയ കേസിലാണ് സിംഗിള്‍ബെഞ്ച് സര്‍ക്കാരിനെതിരെ ആദ്യം തിരിഞ്ഞത്. മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടിയായ ഹര്‍ജിക്കാരന് പൊലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നതിനെ കോടതി വിമര്‍ശിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുവിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് നല്‍കിയ ഹര്‍ജി ഉച്ചയോടെ പരിഗണിക്കുമ്പോഴാണ് എ.ജിയുടെ ഓഫീസിനെ സിംഗിള്‍ബെഞ്ച് നിശിതമായി വിമര്‍ശിച്ചത്.

ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് നേരത്തേ കോടതി തേടിയിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചു. അപ്പോഴാണ് കേസ് നടത്തിപ്പ് കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകരെയും എ.ജിയുള്‍പ്പെടെയുള്ളവരെയും സിംഗിള്‍ബെഞ്ച് വാക്കാല്‍ വിമര്‍ശിച്ചത്.













