എ.ഐ.എ.ഡി.എം.കെ: ലയിക്കാമെന്ന ദിനകരന്റെ ആവശ്യം നിരാകരിച്ച് ഭരണപക്ഷം

ഐ.ഐ.എ.ഡി.എം.കെയില്‍ ലയിക്കാമെന്ന ടി.ടി.വി ദിനകരന്റെ ആവശ്യം നിരാകരിച്ച് ഭരണപക്ഷം. പാര്‍ട്ടിയില്‍ ഭരണപക്ഷത്തോടൊപ്പം ലയിക്കാന്‍ തയ്യാറാണെന്ന് ഇന്നലെയാണ് ദിനകരന്‍ അറിയിച്ചത്. എന്നാല്‍ അതു സംഭവിക്കില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവും ഫിഷറീസ് മന്ത്രിയുമായ ഡി ജയകുമാര്‍.

ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ വിമതനായി മത്സരിച്ച് ജയിച്ചതാണ് ടി.ടി.വി ദിനകരന്‍. ശശികലയുടെ ഡെപ്യൂട്ടി ജന. സെക്രട്ടറിയാക്കിയിരുന്ന ദിനകരനെ മാസങ്ങള്‍ക്ക് മുന്‍പാണ് പാര്‍ട്ടി യോഗം ചേര്‍ന്ന് പുറത്താക്കിയത്. ഇദ്ദേഹത്തിനൊപ്പം ശശികലയെയും പുറത്താക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന് വലിയ വെല്ലുവിളിയാണ് ദിനകരന്‍ പക്ഷം ഉയര്‍ത്തുന്നത്.

അതിനിടയിലാണ് പാര്‍ട്ടിയില്‍ ലയിക്കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചത്. എന്നാല്‍ ചില ഉപാധികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും അത് അംഗീകരിച്ചാല്‍ ലയനം സാധ്യമാക്കാമെന്നും തഞ്ചാവൂരിനടുത്ത കതിരമംഗലം ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

മുഖ്യമന്ത്രി ആകണമെന്ന താല്‍പര്യം തനിക്കില്ല. എന്നാല്‍ ഭരണകക്ഷിയില്‍ നിന്ന് പുറത്താക്കിയ ആറ് മന്ത്രിമാര്‍, അയോഗ്യരാക്കിയ 18 എം.എല്‍.എമാര്‍ എന്നിവരെ തിരിച്ചെടുത്താല്‍ ലയനത്തിന് സന്നദ്ധമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *