എസ്.എഫ്.ഐ നേതാക്കളെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി സിപിഎം.

കല്‍പ്പറ്റയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ നേതാക്കളെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി സിപിഎം. അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരെയാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെയല്ല പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐ ഇടപെടും. പക്ഷേ ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതില്‍ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി. കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുളളത്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലായെന്നാരോപിച്ച് മുപ്പതിലധികം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച എംപിയുടെ വയനാട് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അയച്ചതെന്ന ആരോപണവുമായി ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ രംഗത്തുവന്നിരുന്നു. അതേ സമയം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *