ഇന്ത്യയിലെ ന്യൂനപക്ഷ വേട്ട; വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ വേണമെന്ന് ബ്രിട്ടീഷ് എം.പിമാര്‍

ഇന്ത്യ- യു.കെ വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എം.പിമാർ. മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യുനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബ്രിട്ടീഷ് നിയമ വിദഗ്ധർ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെയും വളർച്ചയെയും ഇത്തരം സംഘർഷങ്ങൾ തടസ്സപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാണിച്ചു.

”ഭാവി വാണിജ്യ-നിക്ഷേപ കരാറുകളിൽ എത്രയും പെട്ടെന്ന് മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ആഭ്യന്തര സംഘർഷങ്ങളിലേക്ക് നയിക്കും. ഇത് ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെ തടസ്സപ്പെടുത്തും. ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വാണിജ്യ ബന്ധങ്ങൾക്കും അത് വിള്ളലേൽപ്പിക്കും.” ബ്രിട്ടനിലെ ഡെമോക്രാറ്റിക്‌ യുണിയനിസ്റ്റ് പാർട്ടി എം.പി ജിം ഷാന്നോൻ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.

‘ബയോ ടെററിസ്റ്റുകൾ’, ‘കൊറോണ ജിഹാദികൾ’ തുടങ്ങിയ അവഹേളനപരമായ വാക്കുകൾ ഉപയോഗിച്ച് മുസ്‌ലിം വിഭാഗത്തെ അപകീർത്തിപ്പെടുത്തുക, മുസ്‌ലിം ചെറുപ്പക്കാരെ ഉന്നം വെച്ച് മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുക, വിവാദമായ പൗരത്വ നിയമം നടപ്പിലാക്കാൻ തുനിയുക, ബൈബിളുകൾ കത്തിക്കുക, ചർച്ചുകളും പള്ളികളും ആക്രമിക്കുക, സിഖ് വംശജരുടെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശത്തെ ഹനിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് ചർച്ചയിൽ ഉഭയകക്ഷികൾ പങ്കെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ റായ്പ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പരാമർശിച്ച എം.പി ജിം ഷാന്നോൻ “ഇന്ത്യയിൽ ന്യുനപക്ഷങ്ങൾക്കെതിരെ നടക്കുന്ന പല ആക്രമണങ്ങളും കൃത്യമായി അന്വേഷണത്തിന് വിധേയമാക്കുക പോലും ചെയ്യുന്നില്ല” എന്നും ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *