ഇനി ‘റെഡ് ബട്ടണ്‍’ പൊലീസും ഉപയോഗിക്കും

സ്ത്രീ സുരക്ഷയ്ക്കായി തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച റെഡ് ബട്ടണ്‍ സംവിധാനം ഇനി മുതല്‍ പൊലീസും ഉപയോഗിക്കും. ഇതിനായി സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പുതിയ സര്‍വര്‍ സ്ഥാപിച്ചു. കവടിയാറിലെയും കഴക്കൂട്ടത്തെയും റെഡ് ബട്ടണുകളെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചത്. ഇതുകൂടാതെ തിരക്കേറിയ കിഴക്കേകോട്ട,​ വട്ടിയൂര്‍ക്കാവ്,​ ശാസ്തമംഗലം എന്നിവിടങ്ങളില്‍ റെഡ് ബട്ടണ്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് നഗരസഭ.

ഇനിമുതല്‍ റെഡ് ബട്ടണിലെ കാമറാ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് തന്നെ പൊലീസിന് നിരീക്ഷിക്കാനാകും. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ തത്സമയം കണ്ടെത്താന്‍ കഴിയുമെന്നതാണ് മേന്മ. യന്ത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള 4000 റെസല്യൂഷനുള്ള അഞ്ച് കാമറകള്‍ക്ക് 360 ഡിഗ്രിയിലുള്ള മിഴിവാര്‍ന്നതും വ്യക്തതയുള്ളതുമായ ചിത്രങ്ങള്‍ പകര്‍ത്താനാകും. അപകടഘട്ടത്തില്‍ ആരെങ്കിലും റെഡ് ബട്ടണ്‍ അമര്‍ത്തുകയാണെങ്കില്‍ ജി.എസ്.എം വഴി വോയിസ് കോള്‍ പൊലീസിന് ലഭിക്കും. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ റെഡ് ബട്ടണില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പൊലീസിന് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ഇതിനൊപ്പം പൊലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനത്തിലെ സ്ക്രീനിലും ലഭിക്കും.

ആയിരക്കണക്കിന് പേര്‍ ആശ്രയിക്കുന്ന വിമാനത്താവളത്തിലും റെഡ് ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനലിലോ വലിയതുറയിലെ ആഭ്യന്തര ടെര്‍മിനലിലോ എവിടെ സ്ഥാപിക്കണമെന്നത് ആലോചിച്ച്‌ തീരുമാനിക്കും. ഇതു സംബന്ധിച്ച്‌ മേയറും സിറ്റി പൊലീസ് കമ്മിഷണറും സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ റെഡ് ബട്ടണുമായും ചര്‍ച്ചകള്‍ നടന്നുവരികയാണ്.

റെഡ് ബട്ടണ്‍

പാനിക് ബട്ടണ്‍ എന്നും അറിയപ്പെടുന്ന റെഡ് ബട്ടണ്‍ സംവിധാനം സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഫെഡ് ബട്ടണിന്റെയും ആസ്‌പിന്‍ വോളിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. യന്ത്രത്തിന്റെ നിരീക്ഷണ പരിധിയില്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ കുറ്റകൃത്യങ്ങളോ നടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഈ യന്ത്രത്തിലെ ചുവന്ന ബട്ടണ്‍ (റെഡ് ബട്ടണ്‍)​ അമര്‍ത്താം. അപകടഘട്ടത്തില്‍ നേരിട്ട് പൊലീസുമായി സംസാരിക്കാം, അപകടസമയത്തുള്ള മുഴുവന്‍ ദൃശ്യവും ശബ്ദവും പൊലീസ് കണ്‍ട്രോള്‍ റൂമിലും പെട്രോളിംഗ് വാഹനത്തിലും ലഭിക്കും. റെഡ് ബട്ടണ്‍ അമര്‍ത്തുന്നയാള്‍ പൊലീസ് ഉദ്യോഗസ്ഥനുമായി ആശയവിനിമയം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ഇതിന്റെ വിശദാംശങ്ങള്‍ കണ്‍ട്രോള്‍ റൂം പൊലീസിന് കൈമാറും. നിമിഷങ്ങള്‍ക്കകം സുരക്ഷയ്ക്കായി പൊലീസ് സംഭവസ്ഥലത്ത് എത്തുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം. കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള റെഡ് ബട്ടണ്‍ സൊല്യൂഷന്‍സാണ് ഈ യന്ത്രത്തിന് പിന്നില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *