ആലപ്പുഴയില്‍ മുന്നണികളുടെ പിടിവലി; അരിതയുടേത് മെലോഡ്രാമ, പ്രതിഭ ഉറപ്പെന്ന് ജി സുധാകരന്‍

കായംകുളം അടക്കം ആലപ്പുഴയില്‍ സിറ്റിംഗ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്തുമെന്ന് മന്ത്രി ജി സുധാകരന്‍. കായംകുളത്ത് നല്ല മത്സരം നടന്നെങ്കില്‍ പ്രതിഭ തന്നെ വിജയിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. മാത്യഭൂമി ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം.

അതേസമയം കായംകുളത്ത് അരിതാബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മെലോ ഡ്രാമയായിരുന്നുവെന്നും ഒട്ടും സീരിയസ് ആല്ലായിരുന്നുവെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

‘കായംകുളത്ത് നല്ല മത്സരം നടന്നു, പക്ഷെ പ്രതിഭ ഉറപ്പായും വിജയിക്കും. എതിരാളി ഒട്ടും സീരിയസ് അല്ലെന്ന് പ്രചാരണം കണ്ടാല്‍ അറിയാം. വീടിന് കല്ലെറിഞ്ഞു, അത് വിളിച്ചു, ഇത് വിളിച്ചു എന്നൊക്കെയായിരുന്നു പരാതി. കോളെജ് തെരഞ്ഞെടുപ്പ് പ്രചരണം പോലെയായിരുന്നു. ആകെ മെലോ ഡ്രാമ. വീടിന് ഇടതുപക്ഷം കല്ലെറിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. പ്രിയങ്കാഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആലപ്പുഴക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ചെയ്തവരല്ലേ ഞങ്ങള്‍’ – ജി സുധാകരന്‍ ചോദിച്ചു.

അമ്പലപ്പുഴയിലും ആലപ്പുഴയിലും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കായംകുളം അടക്കം ആലപ്പുഴ ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും വിജയിക്കുമെന്നായിരുന്നു യുഡിഎഫ് വിലയിരുത്തല്‍.

കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു 2000-5000 വോട്ടിന് വിജയിക്കുമെന്നാണ് യുഡിഎഫ് നിഗമനം. അരിതയുടെ വ്യക്തിത്വവും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണത്തിന് എത്തിയതും വിജയത്തിന് സഹായിച്ചുവെന്നാണ് അവരുടെ വിലയിരുത്തല്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ 20000 വോട്ടിന്റെ വരെ ഭൂരിപക്ഷം വരെ നേടാം. ഇത്തവണ ജനപിന്തുണ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമ്പലപ്പുഴയില്‍ ഡിസിസി അദ്ധ്യക്ഷനായ എം ലിജു 5000-10000 വോട്ടിന് വരെ വിജയിക്കും. പുന്നപ്ര തെക്ക് പഞ്ചായത്തിലായിരിക്കും മുന്‍കൈ ഏറ്റവും കുറയുക. അമ്പലപ്പുഴ മേഖലയിലും നഗരസഭയിലെ ഒരു പ്രദേശത്തും ഭൂരിപക്ഷം നേരിയതായിരിക്കും. ബാക്കിയെല്ലായിടത്തും ഭൂരിപക്ഷം ഭേദപ്പെട്ടതായിരിക്കും.

ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന ഘട്ടത്തിലെ വിജയിക്കും എന്ന പ്രതീതി ഉണ്ടായിരുന്നു. കെഎസ് മനോജിന്റെ ഭൂരിപക്ഷം 10000 വരെയെത്താം.

ചേര്‍ത്തലയില്‍ ഇക്കുറി എസ് ശരത് വിജയിച്ചു കയറും. കഴിഞ്ഞ തവണത്തെ വന്‍ഭൂരിപക്ഷത്തെ മറികടന്ന് 5000-7000 വോട്ടിന്റെ ഭൂരിപക്ഷം നേടിയേക്കാം.

കുട്ടനാട്ടില്‍ കഴിഞ്ഞ തവണ 4000ലധികം വോട്ടിന് പിന്നിലായിരുന്ന ജേക്കബ്ബ് എബ്രഹാം ഇക്കുറി 4500 വോട്ടിന് വിജയിക്കും.

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സീറ്റ് നിലനിര്‍ത്തും. 5000-10000 വോട്ടിന്റെ ഭൂരിപക്ഷം നേടും.

മാവേലിക്കരയില്‍ കെകെ ഷാജു 4000-7000 വോട്ടിന് വിജയിക്കാം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആയിരത്തോളം വോട്ട് ഇവിടെ അധികം നേടിയിരുന്നു. മാവേലിക്കര നഗരസഭയിലും രണ്ട് പഞ്ചായത്തുകളിലും അധികാരം നേടിയതും നേരത്തെ ഉണ്ടായിരുന്ന അന്തരീക്ഷത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *