ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായം; 101 വര്‍ഷങ്ങള്‍, രക്തസാക്ഷിത്വം വരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് ഇന്നും അവ്യക്തം

ലോക രാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ജാലിയന്‍ വാലാബാഗ് കൂട്ടകൊലയ്ക്ക് ഇന്ന് 101 വയസ്സ്. ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിലെ തന്നെ കറുത്ത അധ്യയമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ വെടിവെയ്പ്പില്‍ എത്ര പേരാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് ഇന്ന് ആര്‍ക്കും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കില്ലെന്നത് അതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നതിന്റെ തെളിവാണ്.

1919ലാണ് ഏപ്രില്‍ 13നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. പഞ്ചാബിലെ അമൃത്‌സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപത്തുള്ള ജാലിയന്‍വാലാബാഗ് മൈതാനത്ത് വൈശാഖി ആഘോഷത്തിനായി ഒത്തുചേര്‍ന്ന ജനങ്ങള്‍ക്ക് നേരെയാണ് കേണല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം മെഷീന്‍ ഗണ്‍ പ്രയോഗിച്ചത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് യാതൊരു മാനുഷിക പരിഗണനയും ഇല്ലാതെ അന്ന് ബ്രിട്ടീഷ് സൈന്യം നിറയൊഴിച്ചത്. തന്റെ കൈകുഞ്ഞിനെ രക്ഷിക്കുന്നതിനായി ഒരമ്മ അന്ന് കുട്ടിയുമായി കിണറ്റിലേക്ക് ചാടിയതായെന്ന് ദൃസാക്ഷിയുടെ മൊഴിയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 492 പേരുടെ പട്ടിക ജില്ലാഭരണകൂടം പുറത്ത് വിട്ടിരുന്നു. എന്നാല്‍ അത് സംഭവത്തിലെ ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടായ ഇത്തരം ഒരു സംഭവത്തില്‍ എത്ര പേര്‍ രക്തസാക്ഷിത്വം വഹിച്ചെന്നത് സംബന്ധച്ച് വ്യക്തമായ രേഖവേണമെന്ന് ചരിത്രകാരന്മാരും ജാലിയന്‍ വാലാബാഗ് ഷഹീദ് പരിവാര്‍ സമിതിയും ആവശ്യമുന്നയിച്ചിരുന്നു. ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളുടെ നിരവധി പട്ടികകളാണുള്ളതെന്ന് ഷഹീദി പ്രസിഡന്റ് മഹേഷ് ബെഹാല്‍ പ്രതികരിച്ചിരുന്നു. തങ്ങളുടെ രക്തസാക്ഷികളുടെ എണ്ണത്തില്‍ കൃത്യമായ ധാരണയില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 379പേരാണ് ആ കുരുതിയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ ആയിരത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പറയുന്നത്. ആയിരത്തിലേറെ പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സ്ഥലത്ത് കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ പോലും കഴിയാതെ പൊരിവെയിലത്ത് രക്തം വാര്‍ന്നാണ് ഇതിലധികം പേരും മരണപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *