രാജ്യസഭ; ചെറിയാന്‍ ഫിലിപ്പിനായി ആവശ്യം; രാഗേഷിന് വീണ്ടും സാധ്യത; തീരുമാനം വെള്ളിയാഴ്ച്ച

നിയമസഭാ തെരഞ്ഞെടുപ്പ് ഘടത്തില്‍ തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. മെയ് രണ്ടിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്ന തീരുമാനത്തിന് പിന്നാലെ ചര്‍ച്ചകള്‍ ശക്തിപ്പെട്ടു. വെള്ളിയാഴ്ച്ച ചേരുന്ന സംസ്ഥാന സൈക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെയായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.

വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഐഎമ്മിനും ഓരോ സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവില്‍ നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ലഭിക്കുക.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ പിവി അബ്ദുള്‍ വഹാബിനെ പ്രഖ്യാപിക്കും. ബാക്കി രണ്ട് സീറ്റും സിപിഐഎം ഏറ്റെടുക്കാനാണ് സാധ്യത.
നിലവില്‍ സിപിഐക്ക് രാജ്യസഭാംഗത്വം ഉള്ളതിനാല്‍ ഒരു സീറ്റ് കൂടി കൊടുക്കാന്‍ സാധ്യതയില്ല. ജനതാദള്‍ (എസ്), എന്‍സിപി തുടങ്ങിയവരും സീറ്റ് ആവശ്യപ്പെട്ടേക്കാം.

ചെറിയാന്‍ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിര്‍ദേശിക്കുകയായിരുന്നു.

രണ്ടാമത്തെ സീറ്റില്‍ നിയമസഭാ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞ മന്ത്രിമാരായ ആരെങ്കിലും മത്സരിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. ഇപി ജയരാജന്‍, തോമസ് ഐസക്, എകെ ബാലന്‍, ജി സുധാകരന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *