ആര്‍.ടി.ഐ കണ്‍വന്‍ഷന്‍ ഇന്ന്; ബഹിഷ്‌കരിക്കാന്‍ വിവരാവകാശ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വിവരാവകാശ നിയമത്തിന്റെ (ആര്‍.ടി.ഐ) വാര്‍ഷിക കണ്‍വന്‍ഷന്‍ ബഹിഷ്‌കരിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍. ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ട ഏഴു വിവരാവകാശ പ്രവര്‍ത്തകരില്‍ ആറുപേരും ചടങ്ങ് ബഹിഷ്‌കരിക്കും. ക്ഷണിക്കപ്പെടാത്തവര്‍ക്കു വേണ്ടിയാണ് തങ്ങള്‍ പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥയും രാജ്യത്തെ അറിയപ്പെട്ട സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായ അരുണാ റോയ് വ്യക്തമാക്കി. ചടങ്ങിലേക്കു നിരവധി വിവരാവകാശ പ്രവര്‍ത്തകരെ ക്ഷണിച്ചിട്ടില്ല. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഉദ്ഘാടനം ചെയ്തിട്ടുള്ള മുന്‍ വാര്‍ഷിക ചടങ്ങുകളില്‍ ഇരുനൂറോളം വിവരാവകാശ പ്രവര്‍ത്തകരാണ് പങ്കെടുക്കാറുള്ളത്. ഈ സ്ഥാനത്താണ് ഏഴുപേരെ മാത്രം ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വിവരാവകാശ നിയമം നിലവില്‍ വന്നതിന്റെ പത്താം വാര്‍ഷികാഘോഷമാണ് ഇത്തവണത്തെ ചടങ്ങ് എന്നതും പ്രത്യേകതയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *