പത്തനംതിട്ട: പുതിയ പഞ്ചലോഹ കവചം പൊതിഞ്ഞ പതിനെട്ടാംപടി സമര്‍പ്പണ ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്നലെ വൈകീട്ട് അഞ്ചിനു തുറന്നു. മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി ദീപം തെളിയിച്ചു. തുടര്‍ന്ന് ആചാര്യ വരണവും ശുദ്ധിക്രിയയും നടത്തി. ഇന്നു രാവിലെ 10നും 10.30നും മധ്യേയാണ് സമര്‍പ്പണ ചടങ്ങ്. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യ കാര്‍മികത്വം വഹിക്കും.
ഇപ്പോള്‍ ശ്രീകോവിലില്‍ കുടിയിരുത്തിയിരിക്കുന്ന പതിനെട്ടു പടിയിലെയും ദേവചൈതന്യം തിരിച്ച് ആവാഹിച്ച് പതിനെട്ടാംപടിയില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് പടിപൂജയും ഉണ്ടാകും. പുലര്‍ച്ചെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ചടങ്ങുകള്‍ക്കു ശേഷം ഇന്നു രാത്രി പത്തിനു നട അടക്കും. നാളെ രാവിലെ നട തുറക്കില്ല. തുലാമാസ പൂജകള്‍ക്കായി ക്ഷേത്രനട നാളെ വൈകീട്ട് അഞ്ചിനാണ് തുറക്കുക.













