അയൽസംസ്ഥാന യാത്ര കഠിനം; തമിഴ്നാട്ടിൽ പോകാനും ആർടിപിസിആർ പരിശോധന

തിരുവനന്തപുരം: കർണാടകയ്ക്കു പിന്നാലെ തമിഴ്നാടും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വ്യാഴാഴ്ച മുതൽ പ്രാബല്യമെന്നാണു തമിഴ്നാട് സർക്കാരിന്റെ ഉത്തരവിൽ പറയുന്നതെങ്കിലും കോയമ്പത്തൂർ, തേനി ജില്ലകളിൽ ഇന്നുമുതൽ തന്നെ നിയന്ത്രണമുണ്ട്.
കാസർകോട്ടുനിന്നുള്ള ബസുകൾക്ക് ഒരാഴ്ചത്തേക്കു പ്രവേശനം അനുവദിക്കരുതെന്നു കർണാടകയിലെ ദക്ഷിണ കന്നഡ കലക്ടർ ഉത്തരവിട്ടു. ഇതോടെ മംഗളൂരു, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ സംസ്ഥാന അതിർത്തിവരെ മാത്രമാക്കി. ബെംഗളൂരു സർവീസുകൾക്കു തടസ്സമില്ലെങ്കിലും തിരക്കു കുറഞ്ഞു. മംഗളൂരു സർവകലാശാലയിലെ ബിരുദ പരീക്ഷകൾ നടക്കുന്നതിനാൽ കാസർകോട് അതിർത്തിയിലെ നിയന്ത്രണം വിദ്യാർഥികൾക്കു പ്രയാസമാകുമെന്ന് ആശങ്കയുണ്ട്.

72 മണിക്കൂറിനിടെയുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റാണ് ഇരുസംസ്ഥാനങ്ങളിലേക്കും വേണ്ടത്. അതേസമയം, തമിഴ്നാട്ടിലേക്കു പോകുന്നവർ രണ്ടു ഡോസ് വാക്സീനുമെടുത്ത് 14 ദിവസം കഴിഞ്ഞെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി. എന്നാൽ കർണാടക, 2 ഡോസ് എടുത്തവരെയും നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ കടത്തിവിടുന്നില്ല.

എല്ലാ അതിർത്തി ജില്ലകൾക്കും തമിഴ്നാട് സർക്കാർ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോയമ്പത്തൂരിൽ മാത്രം 13 ഇടങ്ങളിലാണു പരിശോധന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *