അടുത്ത വര്‍ഷത്തെ കുംഭമേളയില്‍ രാമക്ഷേത്ര നിര്‍മാണ തീയതി പ്രഖ്യാപിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തീയതി അടുത്ത വര്‍ഷമെന്ന് വിശ്വ ഹിന്ദു പരിഷത്. അടുത്ത വര്‍ഷം ആദ്യം പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രാമക്ഷേത്രനിര്‍മാണ തീയതി പ്രഖ്യാപിക്കുമെന്ന വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) ധര്‍മസഭ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിഎച്ച്പി പ്രവര്‍ത്തകരും സന്യാസിമാരും സമ്മേളിച്ച ധര്‍മസഭയില്‍ നിര്‍മോഹി അഖാരയുടെ രാംജിദാസാണു പ്രഖ്യാപനം നടത്തിയത്. ജനുവരി 15 നാണു കുംഭമേള ആരംഭിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിനായി സന്യാസിമാര്‍ പ്രതിജ്ഞയെടുത്തു. മുദ്രാവാക്യവുമായി വിഎച്ച്പിയും ക്ഷേത്രനിര്‍മാണ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ശിവസേനയും അയോധ്യയില്‍ വെവ്വേറെ സമ്മേളനങ്ങളാണു നടത്തിയത്. അയോധ്യ ശനിയാഴ്ച മുതല്‍ കനത്ത പൊലീസ് കാവലിലാണ്. 75,000 വിഎച്ച്പി പ്രവര്‍ത്തകര്‍ അയോധ്യയിലെത്തിയെന്നാണു വിവരം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണു ശിവസേനാ പ്രവര്‍ത്തകര്‍ അയോധ്യയില്‍ ഒത്തുചേര്‍ന്നത്. 2 ദിവസത്തെ സന്ദര്‍ശനത്തിനു ശനിയാഴ്ച എത്തിയ താക്കറെ, താല്‍ക്കാലിക രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും ഡിസംബര്‍ 11 നുശേഷം തീരുമാനമെടുക്കുമെന്നു സ്വാമി രാമഭദ്രാചാര്യ ധര്‍മസഭയില്‍ പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് ഓര്‍ഡിനന്‍സ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടാകുമെന്നു കൂടിക്കാഴ്ചയ്ക്കിടെ ഒരു കേന്ദ്രമന്ത്രി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 5 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 11 വരെ പെരുമാറ്റചട്ടം നിലവിലുണ്ട്.

അയോധ്യയില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുഷാവറ (എഐഎംഎംഎം) കത്തെഴുതി. ഡസനിലേറെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് എഐഎംഎംഎം. അയോധ്യയില്‍ വിവിധ മതസ്ഥര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെങ്കിലും പുറമേനിന്നെത്തുന്നവര്‍ കുഴപ്പമുണ്ടാക്കിയേക്കുമെന്നാണ് ഇവരുടെ ആശങ്ക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *