അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം; പ്രധാനമന്ത്രിക്കും ബിജെപി നേതൃത്വത്തിനും വെല്ലുവിളി

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണമെന്ന ആവശ്യം ശക്തിപ്പെടുമ്പോള്‍ ഉറക്കം മുടങ്ങുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി കേന്ദ്രനേതൃത്വത്തിനും. പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കേന്ദ്ര സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്. ഇതില്‍ നിന്ന് പിന്തിരിയണമെന്ന അഭ്യര്‍ഥന പരിവാര്‍ സംഘടനകള്‍ ചെവിക്കൊള്ളുന്നില്ല.

രാമക്ഷേത്രം കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തു മുഖ്യ പ്രചാരണായുധമായിരുന്നെങ്കിലും നടപ്പാക്കാനുള്ള വാഗ്ദാനമായി ബിജെപി അതിനെ കണ്ടിരുന്നില്ല. കേന്ദ്രത്തിനൊപ്പം യുപിയിലും ബിജെപി അധികാരത്തിലെത്തിയതും ഭൗതികസാഹചര്യങ്ങളെല്ലാം ഒത്തിണങ്ങിയിരിക്കുന്നതുമാണു ക്ഷേത്രവാദികളെ ആവേശഭരിതരാക്കുന്നത്. മോദിയുടെ പിന്‍ഗാമിയാകുമെന്നു വരെ കരുതപ്പെടുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളും നീക്കങ്ങളും ഇതിനു കരുത്തു പകരുന്നു. ക്ഷേത്രനിര്‍മാണത്തിന് എതിരു നില്‍ക്കുന്നതു നരേന്ദ്ര മോദിയാണെന്ന പ്രചാരണവും അണിയറയില്‍ ശക്തമാണ്.

നിയമം കൊണ്ടുവരികയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ ചെയ്യണമെന്ന ആവശ്യത്തോടു മോദി പ്രതികരിച്ചിട്ടില്ല. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ചു വന്ന മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയാവുകയെന്ന ലക്ഷ്യം സാധിച്ചതോടെ ഭൂരിപക്ഷ താല്‍പര്യത്തോടു മുഖം തിരിക്കുകയാണെന്ന ആരോപണമാണ് അദ്ദേഹം നേരിടുന്നത്. വിഎച്ച്പിയും സന്യാസിമാരും പ്രഖ്യാപിച്ചിരിക്കുന്ന ദേശവ്യാപക പ്രചാരണ പരിപാടികളും എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയുടെ നീക്കങ്ങളും ഉന്നം വയ്ക്കുന്നതു മോദിയെതന്നെ. ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിലെ സമരമുഖത്ത് എത്തിയതു ബിജെപിയെ അസ്വസ്ഥരാക്കുന്നു.

കുംഭകര്‍ണനെ ഉണര്‍ത്താനാണു തന്റെ വരവ് എന്ന് ഉദ്ധവ് പറഞ്ഞത്, മോദിയെ ഉദ്ദേശിച്ചായിരുന്നു. രാമക്ഷേത്ര പ്രസ്ഥാനത്തില്‍ ഒരു പങ്കുമില്ലാതിരുന്ന ശിവസേനയുടെ നേതാവിനെ സന്ദര്‍ശകനെന്നാണു യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വിശേഷിപ്പിച്ചത്. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദിനങ്ങളില്‍ അയോധ്യ പ്രക്ഷോഭത്തിനു കരുത്തു കുറയില്ലെന്നു നേതൃത്വത്തിനു ബോധ്യമുണ്ട്; അതു നിയന്ത്രണവിധേയമാക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിനു തല്‍ക്കാലം ഉത്തരമില്ലെങ്കിലും. അതേസമയം, അംബരീഷിന്റെ മരണത്തെ തുടര്‍ന്നു ബെംഗളൂരുവിലെ വിഎച്ച്പി റാലി മാറ്റി. ഡിസംബര്‍ രണ്ടാണു പുതിയ തീയതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *