
ചെന്നൈ: ചെന്നൈ പുഴലിനടുത്ത് കാവക്കരൈയിൽ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഭാസ്കരൻ(53), ഇസ്മായിൽ(37) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ വീട്ടുടമ നിർമലയെ പൊലീസ് കസ്റ്റഡിലയിലെടുത്തിട്ടുണ്ട്.
എന്നാൽ സംഭവത്തിൽ ഇതുവരെ തോട്ടിപ്പണി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സി.ആർ.പി.സി പ്രകാരം കേസെടുത്താണ് അന്വേഷണം നടക്കുന്നത്.മനുഷ്യരെ കൊണ്ട് തോട്ടിപ്പണി ചെയ്യിക്കുന്നത് നിരോധിച്ചിട്ടും വീട്ടുടമ രണ്ടു തൊഴിലാളികളെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഏൽപ്പിക്കുകയായിരുന്നു.

രണ്ടുപേരും ടാങ്കിലിറങ്ങിയെങ്കിലും പുറത്തേക്ക് വന്നില്ല. തുടർന്ന് നിർമല പൊലീസിനെ വിളിക്കുകയായിരുന്നു. പുഴൽ പൊലീസ് സ്ഥലത്തെത്തി അഗ്നി ശമന സേനാംഗങ്ങളുടെ സഹായത്തോടെ ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു. മൃതദേഹങ്ങൾ സ്റ്റാൻലി ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
