
മെച്ചപ്പെടുത്താൻ വഴികൾ പലതും നോക്കിയിട്ടും കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ അവസാനിക്കുന്നില്ല. ശമ്പളവിതരണത്തിലെ കാലതാമസം തൊഴിലാളികളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്കാണ് എത്തിക്കുന്നത്. പ്രതിഷേധ സൂചകമായി ബിഎംഎസ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ തുടങ്ങും.
ഇന്ന് രാത്രി 12 മണി മുതല്‍ നാളെ രാത്രി 12 വരെയാണ് ബിഎംഎസ് പണിമുടക്കുന്നത്.അഞ്ചാംതീയതിക്ക് മുന്‍പ് മുഴുവന്‍ ശമ്പളമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാളിയതോടെയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിനിറങ്ങിയത്. കഴിഞ്ഞമാസത്തെ ശമ്പളത്തില്‍ ആദ്യഗഡു മാത്രമാണ് കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത്.എന്നാൽ സമരം അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു തന്നെ രംഗത്തെത്തി.

കെഎസ്ആര്‍ടിസിയില്‍ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരുമിച്ച് ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും ഇതുവരെ എഴുതി നല്‍കിയിട്ടില്ലെന്നും സ്ഥാപനത്തെ നാശത്തിലേക്ക് തള്ളിവിട്ട കേന്ദ്രത്തിന്റെ യൂണിയനാണ് സമരം ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
