ഒപ്പമുള്ള എംഎല്‍എമാരുടെ പട്ടിക പുറത്തുവിടുമെന്ന് ഷിന്‍ഡെ; 20 പേര്‍ തിരിച്ചുവരുമെന്ന് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ രൂക്ഷപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തനിക്കൊപ്പമുള്ള എംഎല്‍എമാരുടെ പട്ടിക പുറത്തുവിടുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ. ഇന്ന് ഉച്ചയോടെ പട്ടിക പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേ സമയം ഷിന്‍ഡേയോടൊപ്പം പോയവരില്‍ 20 എംഎല്‍എമാര്‍ തിരികെ വരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറയുന്നു.

ഇന്നലെയും ഇന്നുമായി കൂടുതല്‍ ആളുകള്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ക്യാമ്പിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ആറ് ശിവസേന എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് പുതിയതായി എത്തിയിരിക്കുന്നത്. ഇതോടെ 41 എംഎല്‍എമാരുടെ പിന്തുണയാണ് ഷിന്‍ഡെയ്ക്കുള്ളത്. നിലിവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എന്‍സിപി നേതാക്കള്‍ ശരത് പവാറിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയാണ്. ശിവസേന നേതാക്കളും ഉടനെ യോഗം ചേരുമെന്നാണ് വിവരം.

അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതിയായ ‘വര്‍ഷ’യില്‍നിന്ന് ഉദ്ധവ് ബാന്ദ്രയിലെ സ്വന്തം വസതിയായ ‘മാതോശ്രീ’യിലേക്കു മാറി.മകനും മന്ത്രിയുമായ ആദിത്യ താക്കറെ ഉള്‍പ്പെടെ ഉദ്ധവിനെ അനുഗമിച്ചു. ഉദ്ധവിന് പിന്തുണയുമായി ശിവസേന പ്രവര്‍ത്തകര്‍ ഉദ്ധവിന്റെ വാഹനത്തിനു ചുറ്റും തടിച്ചു കൂടി പൂഷ്പവൃഷ്ടി നടത്തി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും ഉദ്ധവ് ഫെയ്‌സ്ബുക് ലൈവില്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഏകനാഥ് ഷിന്‍ഡെയുമായോ ശിവസേന എംഎല്‍എമാരുമായോ സംസാരിച്ചിട്ടില്ലെന്നാണ് ബിജെപി വ്യക്തമാക്കിയത്. വിമതനീക്കം ശിവസേനയുടെ മാത്രം ആഭ്യന്തരപ്രശ്‌നമാണെന്നും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും ബിജെപി പറഞ്ഞു. വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചു. കോണ്‍ഗ്രസുമായും എന്‍സിപിയുമായുമുള്ള സഖ്യം ശിവസേന അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിന്‍ഡെ.

You may also like ....

Leave a Reply

Your email address will not be published.