
ഏഷ്യ കപ്പ് യോഗ്യത ലക്ഷ്യമിട്ട് നടക്കുന്ന എ.സി.സി മെന്‍സ് പ്രീമിയര്‍ കപ്പില്‍ യു.എ.ഇക്ക് കൂറ്റന്‍ ജയം.രണ്ട് താരങ്ങള്‍ സെഞ്ച്വറി കണ്ടെത്തിയ മത്സരത്തില്‍ 201 റണ്‍സിനാണ് സിംഗപ്പൂരിനെ തകര്‍ത്തത്. യു.എ.ഇ ഉയര്‍ത്തിയ 471 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംഗപ്പൂരിന് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. വിക്കറ്റ് കീപ്പര്‍ വൃത്യ അരവിന്ദിന്റെയും (133 പന്തില്‍ 174) നായകന് മുഹമ്മദ് വസീമിന്റെയും (82 പന്തില്‍ 160) വെടിക്കെട്ടാണ് യു.എ.ഇക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. അയാന് അഫ്സല് ഖാന് (50 പന്തില്‍ 74) മികച്ച പിന്തുണ നല്കി.
22 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് വീണെങ്കിലും പിന്നീട് കണ്ടത് ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു. പതിയെ തുടങ്ങിയ വസീമും അരവിന്ദും പിന്നീട് കത്തിക്കയറി. 16 സിക്സും ഒമ്ബത് ഫോറും അടങ്ങിയതായിരുന്നു വസീമിന്റെ ഇന്നിങ്സെങ്കില്‍ ഏഴ് സിക്സും 17 ഫോറും ഉള്‍പ്പെട്ടതായിരുന്നു അരവിന്ദിന്റെ ഇന്നിങ്സ്.

28ാം ഓവറില്‍ വസീം പുറത്താകുമ്ബോള്‍ സ്വന്തം സ്കോര്‍ 160ല്‍ എത്തിച്ചിരുന്നു. ചെന്നൈക്കാരനായ അരവിന്ദ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് യു.എ.ഇക്കായി മികച്ച സ്കോര്‍ നേടുന്നത്. കുവൈത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 185 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ കൃത്യമായ ഇടവേളകളില്‍ സിംഗപ്പൂരിന്റെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. മുഹമ്മദ് വസീമാണ് കളിയിലെ താരം.
