ലുലുഗ്രൂപ്പ് ശ്രീലങ്കയില്‍ പ്രവര്‍ത്തനം തുടങ്ങി

പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ശ്രീലങ്കയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രം ‘യാസ്ലങ്ക പ്രൈവറ്റ് ലിമിറ്റഡ്’ എന്നപേരില്‍ കൊളംബൊയ്ക്കടുത്തുള്ള കഡുനായകെ എക്‌സ്‌പോര്‍ട് പ്രോസസിംഗ് സോണില്‍ ആരംഭിച്ചു. ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഖാല ഗജേന്ദ്രരത്‌നായക കേന്ദ്രം ഉദ്ഘാടനം ചെയ്തു. വ്യവസായ കൃഷി മന്ത്രിമാര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഡയറക്ടര്‍മാരായ എം.എ.സലീം, എ.വി. ആനന്ദ് എന്നിവരടക്കം നിരവധിപേര്‍ സന്നിഹിതരായിരുന്നു.

ശ്രീലങ്കന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്നിവരുമായും യൂസഫലി കൊളംബൊയില്‍ കൂടിക്കാഴ്ച നടത്തി. ലുലുഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും ലങ്കന്‍ ഭരണാധികാരികള്‍ വാഗ്ദാനംചെയ്തു.
ശ്രീലങ്കയില്‍നിന്നുള്ള ഭക്ഷ്യഭക്ഷ്യേതര വസ്തുക്കള്‍, പഴം പച്ചക്കറികള്‍ തുടങ്ങിയവ സംസ്‌കരിച്ച് ഗള്‍ഫിലെയും, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ 120 കോടി രൂപയാണ് ലുലു ശ്രീലങ്കയില്‍ മുടക്കുന്നത്.

100 തൊഴില്‍ അവസരങ്ങളാണ് തദ്ദേശീയര്‍ക്ക് ലഭ്യമാകുന്നത്. പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാകുന്നതോടെ 400 തൊഴിലവസരങ്ങള്‍ ഉണ്ടാകും. ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുവദിച്ച 10 ദശലകക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സംസ്‌കരണശാല യൂറോപ്യന്‍ മാനദണ്ഡങ്ങളുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യസംസ്‌കരണരംഗത്ത് ശ്രീലങ്കയിലെ ഏറ്റവും വലിയ കേന്ദ്രമാണിത്. ഒരുവര്‍ഷം കൊണ്ട് 60 കോടി രൂപ നേടാനാകുമെന്നാണ് പ്രതീക്ഷ.യൂസഫലി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *