2 ജി സ്‌പെക്ട്രം കേസ്: വിധി 21ന്; ആശങ്കയില്ലാതെ കനിമൊഴി

രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കേസിന്റെ വിധി ഡിസംബര്‍ 21ന് പ്രഖ്യാപിക്കും. ഡല്‍ഹി സി.ബി.ഐ പ്രത്യേക കോടതി സ്‌പെഷ്യല്‍ ജഡ്ജി ഒ.പി സൈനിയാണ് കേസില്‍ വിധി പറയുക. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമടക്കം മൂന്ന് കേസുകളിലെ വിധിയാണ് കോടതി ഡിസംബര്‍ 21 ന് രാവിലെ 10.30 ന് പ്രഖ്യാപിക്കുക. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച് ആറരവര്‍ഷം പിന്നിട്ടശേഷമാണ് കേസിലെ വിധി പറയുന്നത്.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതിക്കേസില്‍ നിരവധി പ്രമുഖര്‍ പ്രതികളാണ്. ടെലികോം കമ്പനികള്‍ക്ക് വഴിവിട്ട് 2 ജി സ്‌പെക്ട്രം അനുവദിച്ചതിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്. ടെലികോം മന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇഷ്ടക്കാര്‍ക്കായി സ്‌പെക്ട്രങ്ങള്‍ അനുവദിച്ചുവെന്ന് സി.ബി.ഐ കണ്ടെത്തി. എ രാജയെ മന്ത്രിയാക്കാനായി ചരടുവലിച്ച കനിമൊഴി ഇതിലൂടെ താന്‍ കൂടി ഡയറക്ടറായ കലൈഞ്ജര്‍ ടിവിക്ക് 200 കോടി രൂപ നേടിയെടുത്തുവെന്നും കണ്ടെത്തി. ഇരുവര്‍ക്കുംപുറമെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹുറയടക്കം മറ്റ് 12 പേരും മൂന്ന് ടെലികോം കമ്പനികളും പ്രതിപട്ടികയിലുണ്ട്. സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ്, യുണിടെക് വയര്‍ലെസ് ലിമിറ്റഡ് എന്നിവയാണ് കമ്പനികള്‍. കേസില്‍ എ രാജ ഒരുവര്‍ഷത്തിലേറെയും കനിമൊഴി ആറ് മാസവും നേരത്തെ ജയിലില്‍ കിടന്നിരുന്നു.

അതേസമയം, വിധിയെ കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ലെന്ന് കനിമൊഴി പ്രതികരിച്ചു. കാത്തിരുന്നു കാണാമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിധിദിനം പ്രഖ്യാപിക്കുമ്പോള്‍ കനിമൊഴി കോടതിയില്‍ ഹാജരായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *