വാക്ക് പാലിച്ച്‌ ഇന്ത്യ; ആദ്യ ഡോസുമായി ഇന്ത്യന്‍ വിമാനം ഭൂട്ടാന്‍ മണ്ണിലേക്ക്

വാക്ക് പാലിച്ച്‌ ഇന്ത്യ. കൊറോണ വാക്‌സിന്റെ ആദ്യ ഡോസുമായി ഇന്ത്യന്‍ വിമാനം ഭൂട്ടാനിലേക്ക് തിരിച്ചു. മുംബൈയില്‍ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെയോടെയാണ് വിമാനം പുറപ്പെട്ടത്. ആദ്യഘട്ടത്തില്‍ 1,50,000 ഡോസുകളാണ് ഇന്ത്യ ഭൂട്ടാനു നല്‍കുന്നത്.

ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുന്ന ആദ്യ രാജ്യമാണ് ഭൂട്ടാന്‍. തിംഫു വിമാനത്താവളത്തിലെത്തുന്ന വാക്‌സിന്‍ വിതരണത്തിനായി വിവിധയിടങ്ങളിലേക്ക് കൊണ്ടു പോകും. ഇനിയുള്ള ദിവസങ്ങളില്‍ അയല്‍ രാജ്യങ്ങള്‍ക്ക് വാക്സിന്‍ എത്തിക്കും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ഇന്ത്യ ആരംഭിച്ച്‌ കഴിഞ്ഞു.

കൊറോണ വ്യാപനത്തിനിടയില്‍ പ്രതിരോധത്തിനായി ഇന്ത്യ ഭൂട്ടാനൊപ്പം എന്നും നില കൊണ്ടിരുന്നു. പല രാജ്യങ്ങളും രാജ്യാന്തര കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചപ്പോഴും, ഇന്ത്യ ഭൂട്ടാനുള്‍പ്പെടെയുളള രാജ്യങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു.

വാക്സിനുകള്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് ഫലപ്രദമാകുന്ന രീതിയില്‍ നല്‍കുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ആറ് രാജ്യങ്ങളിലേക്ക് ഇന്ന് മുതല്‍ കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ് കയറ്റി അയക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായിട്ടാണ് ആദ്യം ഭൂട്ടാന് നല്‍കിയത്.

മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്‌സിന്‍ കയറ്റി അയക്കുന്നത്. ബുധനാഴ്ച മുതല്‍ കയറ്റുമതി ആരംഭിക്കുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. കൊവിഷീല്‍ഡ് വാക്‌സിനാണ് അയല്‍രാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്യുക. നിരവധി രാജ്യങ്ങള്‍ വാക്‌സിനായി ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്‌സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കയറ്റുമതിയ്ക്കായി വിവിധ ഏജന്‍സികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് ഈ രാജ്യങ്ങള്‍. അനുമതി ലഭിച്ചാല്‍ ഉടന്‍ ഇവിടങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *