രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ കോഴിക്കോട്ട്

കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക് നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ.ടി. കെട്ടിടം ‘സഹ്യ’ ഉദ് ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇന്റര്‍നെറ്റ് രംഗത്തെ വ്യവസായികളുടെ കൂട്ടായ് മയായ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. സൈബര്‍ പാര്‍ക്കില്‍ അതിനു വേണ്ടി പതിനായിരം ചതുരശ്ര അടി സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക നിലവാരത്തിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കുന്നതിന് ഇന്‍ക്യുബേറ്റര്‍ സെന്റര്‍ സഹായിക്കും.

പുതിയ ആപ്ലിക്കേഷനുകള്‍ പരീക്ഷിക്കുന്നതിനും വിജയിക്കുന്ന ആപ്ലിക്കേഷനുകള്‍ ആഗോളതലത്തില്‍ വിപണിയിലെത്തിക്കുന്നതിനും ഐ.എ.എം.എ.ഐയുടെ ഇന്‍ക്യുബേറ്റര്‍ സഹായിക്കും. കോഴിക്കോട് നിന്ന് ലോകോത്തര മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തുവരുന്നതിനാണ് ഇപ്പോള്‍ സാഹചര്യം ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ ഗവ. ഐ.ടി പാര്‍ക്കുകളില്‍ പൊതു വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്ന ആദ്യത്തേതായി കോഴിക്കോടിനെ മാറ്റുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഐ.ടി ഉപയോഗിച്ച് സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പുതിയ ആശയങ്ങളുമായി മിടുക്കരും വിഗദ്ധരുമായ ധാരാളം ചെറുപ്പക്കാര്‍ ഐ.ടി സംരംഭങ്ങള്‍ക്ക് മുന്നോട്ടുവരുന്നുണ്ട്. അവര്‍ക്ക് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നവീന ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പന ചെയ്യാനും ഐ.ടിയിലൂടെ പുതിയ സേവന വഴികള്‍ കണ്ടെത്താനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കും.

കോളജുകളില്‍നിന്ന് സാങ്കേതികവിദ്യയില്‍ അധിഷ് ഠിതമായ പുതിയ ആശയങ്ങള്‍ ഉയര്‍ന്നുവരുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതി ആവിഷ് കരിച്ച് നടപ്പാക്കി വരികയാണ്. ഇതിനകം 200ഓളം കോളജുകളില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംരംഭകത്വ വികസന സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. കോഴിക്കോടിനെ പ്രധാന ഐ.ടി കേന്ദ്രമാക്കി മാറ്റുന്നതിന് ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഐ.ടി പാര്‍ക്കുകളെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെയും സര്‍ക്കാര്‍ ഫലപ്രദമായി ഏകോപിപ്പിക്കും.

കോഴിക്കോട്ടെ യു.എല്‍ സൈബര്‍ പാര്‍ക്കില്‍ അഞ്ചു ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐ.ടി കമ്പനികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. 24 കമ്പനികള്‍ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗവ. സൈബര്‍ പാര്‍ക്കില്‍ ഏകദേശം മൂന്ന് ലക്ഷം ചതുരശ്ര അടി വിസ് തീര്‍ണമുള്ള കെട്ടിടത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് ഐ.ടി വകുപ്പ് കണക്കാക്കിയിട്ടുള്ളത്. അതിന്റെ മൂന്നിരട്ടി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ പങ്കുവെക്കുന്നതില്‍ യു.എല്‍ സൈബര്‍ പാര്‍ക്കും സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ തൊഴില്‍, എക് സൈസ് മന്ത്രി ടി.പി. രാമകൃഷ് ണന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, ഡോ. എം.കെ. മുനീര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടര്‍ യു.വി. ജോസ്, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, അഡ്വ. പി.ടി.എ റഹിം എം.എല്‍.എ, സൈബര്‍ പാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ പ്രസംഗിച്ചു.

രാമനാട്ടുകര തൊണ്ടയാട് ബൈപാസിനോട് ചേര്‍ന്ന് 43.5 ഏക്കറിലെ ഗവ. സൈബര്‍ പാര്‍ക്കിലാണ് ‘സഹ്യ’യുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഐ.ടി. വ്യവസായ വികസനത്തിന് ഉതകുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബിസിനസ് സെന്ററുകളാണ് ‘സഹ്യ’ നല്‍കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *