മന്‍സൂര്‍ വധക്കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകര്‍, ബോംബെറിഞ്ഞത് കൊല്ലാന്‍ ലക്ഷ്യമിട്ട്‌

കണ്ണൂർ :പെരിങ്ങത്തൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിലെ പ്രതികളെല്ലാം സി.പി.എം.-ഡി.വൈ.എഫ്.ഐ പ്രവർത്തകർ. റഫീഖെന്ന മൻസൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഷിനോദ്, രതീഷ്, സംഗീത്,ശ്രീരാഗ്, സജീവൻ, സുഹൈൽ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ,നസീർ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസിൽ പ്രതികളായിട്ടുള്ളത്.ഇതിൽ ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം വൈകീട്ടോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ബോംബെറിഞ്ഞതെന്നാണ് എഫ്ഐആറിലുള്ളത്.

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വകവരുത്തുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങളുമായി സംഘടിച്ചെന്നും പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ കെ. ഇസ്മായിലിന്റെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന സ്ഥലത്തിനടുത്തുനിന്ന് നാട്ടുകാർക്കു കിട്ടിയ മൊബൈൽഫോൺ പോലീസിനു കൈമാറിയിട്ടുണ്ട്. ഇത് വിശദ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചതായി സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ മാതൃഭൂമിയോടു പറഞ്ഞു. ഈ ഫോൺ ഷിനോസിന്റെതാണെന്നാണ് സൂചന. ഫോണിലെ വാട്സാപ്പ് സന്ദേശങ്ങൾ നീക്കംചെയ്തതായി സംശയിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *