ഭൂമി കയ്യേറ്റം: ദിലീപിനെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രിയുടെ നിര്‍ദേശം

നടന്‍ ദിലീപിനെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ ജില്ലാകളക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. ചാലക്കുടിയില്‍ ദിലീപ് സര്‍ക്കാരിന്റെ സ്ഥലം കയ്യേറി തിയേറ്റര്‍ പണിതുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഭൂമി വ്യാജ ആധാരങ്ങള്‍ ചമച്ച് ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. സംസ്ഥാന രൂപീകരണത്തിനു മുമ്പ് തിരു-ക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് പരാതി. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച്‌ എട്ടു പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാന്‍ഡ് റവന്യു കമ്മിഷണര്‍ 2015ല്‍ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ചതായാണ് ആരോപണം.

അതേസമയം തിയേറ്റര്‍ നില്‍ക്കുന്ന സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും കലാഭവന്‍ മണിയാണെന്നുമുള്ള രഹസ്യവിവരം സിബിഐയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. തിയേറ്റര്‍ സമുച്ചയത്തില്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നുവെന്നും എന്നാല്‍ സമുച്ചയം ഉദ്ഘാടനം ചെയ്തതിനു ശേഷം തിയേറ്റര്‍ ദിലീപിന്റേത് മാത്രമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഇരുവര്‍ക്കും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നും സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *