ബാങ്കിങ് തട്ടിപ്പ് വര്‍ഷങ്ങളായി കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്ന് ആര്‍.ബി.ഐ

മുംബൈ:ബാങ്കിങ് മേഖലയില്‍ വര്‍ഷങ്ങളായി നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.)യുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചോദ്യമുയര്‍ന്നു. 2018-നുശേഷം തുടര്‍ച്ചയായി ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ആര്‍.ബി.ഐ.ക്കു പുറത്തുനിന്നുള്ള രണ്ടു ഡയറക്ടര്‍മാരാണ് ചോദ്യമുന്നയിച്ചത്.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വജ്രവ്യാപാരികളായ നീരവ് മോദിയും മെഹുല്‍ ചോക്സിയും ചേര്‍ന്നുനടത്തിയ കോടികളുടെ തട്ടിപ്പും മറ്റും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചത്.

ബാങ്കുകളില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ആര്‍.ബി.ഐ. ശേഖരിക്കുന്ന വിവരങ്ങളില്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പ്രതിഫലിക്കാത്തതും വേണ്ടത്ര വിവരങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കുന്നതും മറ്റുമാകാം ഇതിനുകാരണമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ വിശദീകരിച്ചതായാണ് വിവരം.ബാങ്കിതര ധനകാര്യസ്ഥാപനമായ ഐ.എല്‍. ആന്‍ഡ് എഫ്.എസിലെ വായ്പാക്രമക്കേടുകളും പി.എം.സി. ബാങ്ക് തട്ടിപ്പും അടുത്തിടെ പുറത്തുവന്നിരുന്നു. പി.എം.സി. ബാങ്ക് 70 ശതമാനം വായ്പയും ഒറ്റസ്ഥാപനത്തിനുനല്‍കി എട്ടുവര്‍ഷം കഴിഞ്ഞിട്ടും ആര്‍.ബി.ഐ.ക്ക് കണ്ടെത്താനായിരുന്നില്ല.

ഇതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കേസുകളാണ്. തട്ടിപ്പുനടത്തുന്നതിന് നിയമങ്ങളുടെയും നിബന്ധനകളുടെയും പഴുതുകള്‍ കണ്ടെത്തി ഉദ്യോഗസ്ഥര്‍ ഉപയോഗപ്പെടുത്തുന്നു. ആര്‍.ബി.ഐ.ക്ക് നല്‍കുന്ന വിവരങ്ങള്‍ കൃത്രിമമായി ഉണ്ടാക്കുന്നതിന് ബാങ്ക് അധികൃതര്‍ രഹസ്യ സെര്‍വറുകള്‍ ഉപയോഗിക്കുന്നതായും സംശയിക്കുന്നുണ്ട്. സഹകരണബാങ്കുകള്‍ വാണിജ്യബാങ്കുകളെ അപേക്ഷിച്ച്‌ വളരെ കുറച്ചുവിവരങ്ങള്‍മാത്രമാണ് ആര്‍.ബിഐ.യുമായി പങ്കുവെക്കുന്നത്. ഏതാനും ഉദ്യോഗസ്ഥര്‍മാത്രം ഉള്‍പ്പെടുന്നതല്ല ഈ തട്ടിപ്പുകളെന്നും വിലയിരുത്തപ്പെടുന്നു.

വാണിജ്യബാങ്കുകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിപ്രകാരം കൃത്യമായ രൂപത്തിലാണ് ആര്‍.ബി.ഐ.ക്ക് വിവരങ്ങള്‍ നല്‍കുന്നത്. എന്നാല്‍, സഹകരണബാങ്കുകള്‍ ഇ-മെയില്‍വഴിയാണ് വിവരം നല്‍കിവരുന്നത്. കൃത്യമായ ഇടവേളകളില്‍ ഇവ ലഭിക്കാറില്ല. ആവര്‍ത്തനം ഉണ്ടാകുന്നതും പതിവാണ്. ഈസാഹചര്യത്തില്‍ കൃത്യമായ രേഖയില്‍ വിവരങ്ങള്‍ ആര്‍.ബി.ഐ.യുടെ കേന്ദ്രീകൃതസംവിധാനത്തിലേക്ക് എല്ലാ മാസവും നല്‍കണമെന്ന് സഹകരണബാങ്കുകള്‍ക്ക് കഴിഞ്ഞദിവസം ആര്‍.ബി.ഐ. നിര്‍ദേശം നല്‍കിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *