ദ്യോകൊവിച്ച് ക്വാര്‍ട്ടറില്‍

വിംബ്ള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് പുരുഷന്മാരില്‍ രണ്ടാം സീഡ് നൊവാക് ദ്യോകൊവിച്ച് ക്വാര്‍ട്ടറില്‍. വനിതകളില്‍ പതിനാലാം സീഡ് ഗാര്‍ബൈന്‍ മുഗുരസ, മുന്‍ ചാമ്പ്യനും പത്താം സീഡുമായ വീനസ് വില്യംസ് എന്നിവര്‍ സെമിയിലെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സീല്‍ ദേശായി രണ്ടാം റൗണ്ടില്‍.

പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ സീഡില്ലാ താരം അഡ്രിയാന്‍ മന്നാറിനൊയെയാണ് ദ്യോകൊവിച്ച് തകര്‍ത്തത്, സ്‌കോര്‍: 6-2, 7-6, 6-4. രണ്ടേകാല്‍ മണിക്കൂറില്‍ അവസാനിച്ച മത്സരത്തില്‍ രണ്ടാം സെറ്റില്‍ മാത്രമാണ് മന്നാറിനൊയ്ക്ക് പൊരുതാനായത്.

വനിതകളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഴാം സീഡ് സ്വെറ്റ്‌ലാന കുസ്‌നെട്‌സോവയെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തി മുഗുരസ, സ്‌കോര്‍: 6-3, 6-4. വീനസ് പതിമൂന്നാം സീഡ് ലാത്‌വിയയുടെ യലേന ഒസ്റ്റപെങ്കൊയെ കീഴടക്കി, സ്‌കോര്‍: 6-3, 7-5. പെണ്‍കുട്ടികളില്‍ പതിനഞ്ചാം സീഡ് സീല്‍ ദേശായിക്ക് വാക്കോവര്‍.

എതിരാളി റഷ്യയുടെ മാര്‍ത്ത പെയ്ജിന മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറി. ആദ്യ സെറ്റ് 7-5ന് റഷ്യന്‍ താരം നേടിയിരുന്നു. കളിയവസാനിപ്പിക്കുമ്പോള്‍ രണ്ടാം സെറ്റില്‍ ദേശായി 1-0ന് മുന്നിലായിരുന്നു.

മിക്‌സഡ് ഡബിള്‍സില്‍ ഒന്നാം സീഡ് ജാമി മുറെ-മാര്‍ട്ടിന ഹിംഗിസ് സഖ്യം നാലാം റൗണ്ടിലെത്തി. പതിനാറാം സീഡ് റൊമാന്‍ ജെബാവി-ലൂസി ഹ്രദേക്ക സഖ്യത്തെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-3, 6-4. പുരുഷ ഡബിള്‍സില്‍ ബ്രിട്ടന്റെ കെന്‍ സ്‌കുപ്‌സ്‌കി-നീല്‍ സ്‌കുപ്‌സ്‌കി സഖ്യവും നാലാം റൗണ്ടില്‍. മാര്‍ക്കസ് ഡാനിയല്‍-മാഴ്‌സലൊ ദെമൊലിനെര്‍ കൂട്ടുകെട്ടിനെ കീഴടക്കി, സ്‌കോര്‍: 7-6, 5-7, 7-6, 6-4.

Spread the love

Leave a Reply

Your email address will not be published. Required fields are marked *