ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഗൂഗിളിന്റെ ₹75,​000 കോടി

ന്യൂഡല്‍ഹി: ഡിജിറ്റല്‍വത്കരണത്തിലൂടെ ഇന്ത്യയുടെ സാമ്ബത്തിക മുന്നേറ്റത്തിന് കുതിപ്പേകാനായി ടെക്‌നോളജി ഭീമനായ ഗൂഗിള്‍ അടുത്ത 5 മുതല്‍ എഴുവര്‍ഷത്തിനകം ഇന്ത്യയില്‍ 1,​000 കോടി ഡോളര്‍ (75,​000 കോടി രൂപ)​ നിക്ഷേപിക്കും. “ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍” എന്ന പേരില്‍ ഗൂഗിളിന്റെയും മാതൃകമ്ബനിയായ ആല്‍ഫബെറ്റിന്റെയും സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈയാണ് നിക്ഷേപം പ്രഖ്യാപിച്ചത്.

ഗൂഗിളിന് ഇന്ത്യയുടെ ഭാവിയിലും ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്ഥയിലും മികച്ച പ്രതീക്ഷകള്‍ ഉണ്ടെന്നതിന്റെ പ്രതിഫലനമാണ് ഈ നിക്ഷേപമെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. ആറാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയോട് അനുബന്ധിച്ച്‌,​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ രാവിലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പിച്ചൈ നിക്ഷേപം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ കാമ്ബയിന് പിന്തുണയേകുന്നത് അഭിമാനാര്‍ഹമായാണ് ഗൂഗിള്‍ കാണുന്നെതെന്ന് പറഞ്ഞ പിച്ചൈ,​ ആധുനികവത്കരണത്തിനും വികസനത്തിനുമാണ് ഫണ്ട് ഉപയോഗിക്കുകയെന്നും വ്യക്തമാക്കി. ആധുനിക – ഡിജിറ്റല്‍വത്കരണത്തിന്റെ പ്രയോജനം നേടുക മാത്രമല്ല,​ ഈ രംഗത്ത് ഇന്ത്യ നായകസ്ഥാനം നേടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

4 ലക്ഷ്യങ്ങള്‍

ഇന്ത്യയിലെ നിക്ഷേപത്തിലൂടെ ഗൂഗിളിന്റെ ലക്ഷ്യങ്ങള്‍

1. ജനങ്ങള്‍ക്ക് വിവരങ്ങള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുക

2. ഇന്ത്യയ്ക്ക് അനുയോജ്യമായ ടെക്‌നോളജി ഉത്‌പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക

3. സംരംഭങ്ങള്‍ക്ക് കരുത്തേകുക

4. ആരോഗ്യം,​ വിദ്യാഭ്യാസം,​ കൃഷി എന്നിവയുടെ മുന്നേറ്റത്തിന് സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എ.ഐ)​ പ്രയോജനപ്പെടുത്തുക.

മാര്‍ഗങ്ങള്‍

നിക്ഷേപം നടത്തുന്ന വഴികള്‍

 ഓഹരി നിക്ഷേപം

 പങ്കാളിത്തം

 അടിസ്ഥാനസൗകര്യ വികസനം

ഡിജിറ്റല്‍ മുന്നേറ്റം

നാലുവര്‍ഷം മുമ്ബുവരെ ഇന്ത്യയില്‍ മൂന്നിലൊന്ന് ബിസിനസ് സംരംഭങ്ങള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ സാന്നിദ്ധ്യം ഉണ്ടായിരുന്നത്. ഇന്ന് ഗൂഗിള്‍ സെര്‍ച്ചിലും മാപ്പിലും തിരഞ്ഞാല്‍ 2.6 കോടി സംരംഭങ്ങള്‍ കാണാമെന്ന് പിച്ചൈ പറഞ്ഞു. പ്രതിമാസം 15 കോടിയിലേറെ ഉപഭോക്താക്കളുമുണ്ട്. ചെറുകിട വ്യാപാരികളും ഇപ്പോള്‍ ഡിജിറ്റല്‍ പേമെന്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നു.

50 കോടി

ഇന്ത്യയില്‍ 50 കോടിയിലേറെ സജീവ ഇന്റര്‍നെറ്റ് യൂസര്‍മാര്‍ ഉണ്ടെന്നാണ് ഗൂഗിളിന്റെ കണക്ക്. 45 കോടിയിലധികം പേര്‍ സ്‌മാര്‍ട്ഫോണും ഉപയോഗിക്കുന്നു.

സി.ബി.എസ്.ഇ സഹകരണം

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പിന്തുണയേകാന്‍ ഈവര്‍ഷം ഡിസംബറോടെ 22,​000 സി.ബി.എസ്.ഇ സ്‌കൂളുകളിലായി പത്തുലക്ഷം ടീച്ചര്‍മാരുമായി സഹകരിക്കുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

”ഇന്ത്യയിലെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സംരംഭകര്‍ക്കും ടെക്‌നോളജിയുടെ നേട്ടം ലഭ്യമാക്കുന്നത് സംബന്ധിച്ച്‌ സുന്ദര്‍ പിച്ചൈയുമായി സംസാരിച്ചു. ഫലവത്തായ ചര്‍ച്ചയാണ് നടന്നത്””,​

നരേന്ദ്ര മോദി,​

പ്രധാനമന്ത്രി

Spread the love

Leave a Reply

Your email address will not be published. Required fields are marked *