ജോലിസമ്മർദ്ദം മൂലമുള്ള ബാങ്ക് ജീവനക്കാരുടെ ആത്മഹത്യ റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: ജോലിസംബന്ധമായ സമ്മർദ്ദത്തെ തുടർന്ന് ബാങ്ക് ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ചന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബാങ്കുകൾ ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ചന്വേഷിക്കാനാണ് ഉത്തരവ്.

കാനറ ബാങ്കുദ്യോഗസ്ഥ കെ എസ് സ്വപ്നയുടെ ആത്മഹത്യ ജോലിഭാരം മൂലമെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കേസിലാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.

ഉത്തരവ് പ്രകാരം ജീവനക്കാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിച്ച്‌ കാനറ ബാങ്ക് കേരള സർക്കിൾ ചീഫ് ജനറൽ മാനേജറും, കാനറ ബാങ്ക് റീജിയണൽ മാനേജറും റിപ്പോർട്ട് നൽകണം. കൂടാതെ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനറും വിവിധ ബാങ്ക് ജീവനക്കാർ നേരിടുന്ന സമ്മർദ്ദത്തെ കുറിച്ച് പരിശോധന നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

നിലവിലുള്ള ജീവനക്കാരെ സമ്മർദ്ദത്തിലാക്കിയാണ് ബാങ്കുകൾ ലാഭം കൊയ്യുന്നതെന്ന് അഭിഭാഷകനായ എ. ജെ. ആന്റണിയും കമ്മീഷന് പരാതി നൽകിയിരുന്നു. മാസങ്ങൾക്ക് മുമ്പ് ഗുരുവായൂരിലും പാലക്കാട്ടും ബാങ്ക് ജീവനക്കാർ ജീവനൊടുക്കിയിരുന്നു. ജീവനക്കാർ നിക്ഷേപം, വായ്‌പ, ഇൻഷ്വറൻസ്, മെഡിക്കൽ ഇൻഷ്വറൻസ്, മ്യൂച്വൽ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങിയ വിവിധ മേഖലകളിൽ ടാർഗറ്റ് കൈവരിക്കണമെണ് ആവശ്യപ്പെട്ടാണ് ബാങ്കുകൾ ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നത്.

കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂർ മണ്ണുത്തി സ്വദേശിനിയുമായ കെ എസ് സ്വപ്നയെയാണ് ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. തൊഴില്‍ സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സ്വപ്‌ന നോട്ട് ബുക്കിലും ഡയറിയിലും എഴുതിവെച്ചതായി പൊലീസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *